“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മോദി.

വികസിത ഇന്ത്യ എന്ന സ്വപ്നത്തിന് ആക്കം കൂട്ടും

രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താൻ ലക്ഷ്യമിട്ടുള്ള “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇത് രാജ്യത്തിന്‍റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ എന്ന സ്വപ്നത്തിന് ആക്കം കൂട്ടുമെന്നും മോദി പറഞ്ഞു. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. മതേതരത്വ സിവില്‍ കോഡാണിത്. രാജ്യത്തിന്‍റെ ഐക്യത്തിനായുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

നേരത്തേ രാജ്യത്ത് വ്യത്യസ്ത നികുതി സമ്പ്രദായങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത് ജിഎസ്ടി എന്ന ഏകീകൃത സംവിധാനത്തിലേക്കു മാറി. “വണ്‍ നേഷൻ വണ്‍ പവർ ഗ്രിഡ്’ ഉപയോഗിച്ചു സർക്കാർ രാജ്യത്തിന്‍റെ ഊർജമേഖലയെ ശക്തിപ്പെടുത്തി. “വണ്‍ നേഷൻ വണ്‍ റേഷൻ കാർഡ്’ വഴി പാവപ്പെട്ടവർക്കു ലഭ്യമായ സൗകര്യങ്ങള്‍ സംയോജിപ്പിച്ചു. ആയുഷ്മാൻ ഭാരത് എന്നപേരില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷ്വറൻസ് എന്ന സൗകര്യം ഒരുക്കാൻ സാധിച്ചുവെന്നും മോദി പറഞ്ഞു.

ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് ഒരു വിശ്വബന്ധുവായി ഉയർന്നുവരുന്നു.

ആർട്ടിക്കിള്‍ 370 എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടുവെന്നും ഇതുമൂലം 70 വർഷമായി നടന്നുകൊണ്ടിരുന്ന കുപ്രചരണം അവസാനിപ്പിക്കാൻ സാധിച്ചുവെന്നും മോദി വ്യക്തമാക്കി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങള്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു. പരസ്പര സംഭാഷണ ത്തിലൂടെയും വികസനപ്രവർത്തനങ്ങളിലൂടെയും ഇതിനെ മറികടന്നു. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ബന്ധം വഷളായപ്പോഴും ഇന്ത്യയുമായുള്ള ബന്ധം തുടർന്നുവെന്നും ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് ഒരു വിശ്വബന്ധുവായി ഉയർന്നുവരുന്നത് ചരിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന അർബൻ നക്സലുകളെ തിരിച്ചറിയണം

പ്രതിപക്ഷ പാർട്ടികളെയും മോദി പരോക്ഷമായി വിമർശിച്ചു. ചില ശക്തികള്‍ രാജ്യത്തിന്‍റെ ഐക്യത്തിനും പുരോഗതിക്കും വെല്ലുവിളി ഉയർത്തുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും നിക്ഷേപങ്ങള്‍ ഇല്ലാതാക്കാനും അവർ ശ്രമിക്കുന്നു. രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഈ അർബൻ നക്സലുകളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →