മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അഞ്ചു പോലീസുകാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തുവന്നത്.
മട്ടന്നൂർ സ്റ്റേഷനിലെ പൊലിസുകാർ അസഭ്യം പറഞ്ഞതായി പരാതി
ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയെയും മട്ടന്നൂർ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയേയും മർദ്ദിച്ച് ബലം പ്രയോഗിച്ചു വാഹനത്തില്‍ കയറ്റിയതിനും അഞ്ച് പോലിസുകാരെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സിറ്റി പോലീസ് കമ്മിഷണർ സ്ഥലം മാറ്റിയിരുത്തു. മട്ടന്നൂർ സ്റ്റേഷനിലെ പൊലിസുകാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
ഇവരെ പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ സിപിഎം പ്രവർത്തകർ വാഹനം തടയുകയും ഇറക്കി കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മട്ടന്നൂർ പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ഫോട്ടോയെടുക്കുന്നതിനിടെ പത്രപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും പൊലിസ് തന്നെ മർദ്ദിച്ചുവെന്ന് ശരത് പുതുക്കുടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനെ തുടർന്നാണ് ആരോപണ വിധേയരായ അഞ്ച് പോലീസുകാരെ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്.
പോലീസ് സേനയില്‍ അതൃപ്തി പടരുന്നതായി റിപ്പോർട്ടുകൾ
മട്ടന്നൂർ സ്റ്റേഷനിലെ പോലീസുകാരെ അച്ചടക്ക നടപടിയുടെ പേരില്‍ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയില്‍ കണ്ണൂർ സിറ്റി പോലീസ് സേനയില്‍ അതൃപ്തി പടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതില്‍ ഒരാള്‍ നല്കിയ കത്ത് മാധ്യമങ്ങളില്‍ വന്നതിനെ തുടർന്ന് അച്ചടക്കലംഘനത്തിന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ സ്പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ ഇത് പൊലിസിന്റെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്ന ആരോപണമാണ് അസോസിയേഷൻ ഭാരവാഹികള്‍ ഉന്നയിക്കുന്നത്. നേരത്തെ കണ്ണൂർ ടൗണ്‍ പൊലിസ് സമരത്തിനിടെ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരെ നടപടിയെടുത്തിട്ടില്ലെന്നും അസോസിയേഷൻ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ സേന രാഷ്ട്രീയപരമായി രണ്ടു വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്. മിക്ക സ്റ്റേഷനുകളിലും ഭരണകക്ഷി പാർട്ടിയായ സിപിഎമ്മിന്റെ നേതാക്കള്‍ അമിതമായി ഇടപെടുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് അനുകുലികള്ക്കുണ്ട്.
ഭരണപക്ഷ അനുകുല പൊലീസുകാരെ അച്ചടക്കനടപടികളില്‍ നിന്നും ഒഴിവാക്കുന്നതായി ആരോപണം
ഇതുകാരണം നീതി നിർവഹണംതന്നെ നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഭരണപക്ഷ അനുകുല പൊലീസുകാരെ അച്ചടക്കനടപടികളില്‍ നിന്നും ഒഴിവാക്കുന്ന നടപടികളാണ് വകുപ്പ് തലത്തില്‍ സ്വീകരിക്കുന്നതെന്നാണ് ഇവർ ചുണ്ടിക്കാട്ടുന്നത്. വരും നാളുകളില്‍ കണ്ണൂർ സിറ്റിയിലെ സേനയ്ക്കുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്കും പരസ്യമായ എതിർപ്പുകള്‍ക്കും കാരണമായേക്കാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്