ഇടുക്കി: സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ജില്ലയിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കും. അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി വിശദീകരണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും പരിഗണനാ വിഷയമായ ഹര്‍ജികള്‍ക്ക് ഒപ്പമാണ് ഇതും പരിഗണിക്കുന്നത്.
മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാൻ രണ്ടുദിവസം മുമ്പാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചത്. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു.
പിന്നാലെ ഉത്തരവ് മറികടന്ന് ശാന്തമ്പാറയില്‍ സിപിഐഎമ്മിൻ്റെ ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ നിര്‍മ്മാണം തുടർന്നിരുന്നു. നിർമ്മാണം അനധികൃതമല്ലെന്നും നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം.



