ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തില്‍ മോദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ വിശദീകരിച്ചുവെന്നാണു റിപ്പോര്‍ട്ട്. 2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മോദിയുടെ ആഹ്വാനമുണ്ടായത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മുസ്‌ലിം സ്ത്രീകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നുവെന്നും മോദി പറഞ്ഞു. മുസ്‌ലിം സ്ത്രീകളിലേക്ക് എത്താന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 30നാണ് ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ നടക്കുന്നത്. ഇതിന് മുന്നോടിയായാണ് മോദിയുടെ ആഹ്വാനം.

