ഗോദയിലേക്ക് ഇറങ്ങുന്ന പുതുപ്പള്ളി, ചരിത്രവും സാധ്യതകളും

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കില്‍ പെട്ട വാകത്താനം പഞ്ചായത്തും ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലം രൂപീകരിച്ചപ്പോള്‍ ആദ്യം കോണ്‍ഗ്രസ്സിലെ പി സി ചെറിയാന്‍ വിജയിച്ചു. 1960 ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ കോട്ടയെന്നു കരുതിയ മണ്ഡലം സി പി എം പിടിച്ചെടുത്ത ചരിത്രമുണ്ട്.

ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കുന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പു നടപടികളിലേക്കു പ്രവേശിക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പു ലഭിച്ചാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതാണു നടപടിക്രമം.
വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരിക്കും നടത്തുക. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ പി ടി തോമസ് അന്തരിച്ചതിനെത്തുടര്‍ന്നു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലം നിലനിര്‍ത്താന്‍ ആരെ നിയോഗിക്കണമെന്ന കാര്യം ഏറെ വൈകാതെ പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ ഉജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യവും പുതുപ്പള്ളിയെ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ സ്നേഹ വായ്പും ഏറ്റുവാങ്ങി മണ്ഡലത്തിന്റെ പിന്തുടര്‍ച്ചകാരനായി ആരുവേണമെന്ന എല്ലാ ആലോചനകളും മകന്‍ ചാണ്ടി ഉമ്മനില്‍ തന്നെ എത്തിച്ചേരാനാണു സാധ്യത.

കെ പി സി സി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട് റീച്ച് സെല്‍ ചെയര്‍മാനുമാണ് ചാണ്ടി ഉമ്മന്‍. നിയമ ബിരുദ ധാരിയായ അദ്ദേഹത്തിന് പാര്‍ട്ടി എല്‍പ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ കഴിയുമെന്ന വിശ്വാസം ഏവരിലുമുണ്ട്. 53 വര്‍ഷം ഒരേ മണ്ഡലത്തെ പ്രതിധിധീകരിച്ചു എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന മണ്ഡലമാണിത്. 1970 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തനിക്കു വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും എല്ലാം ഉമ്മന്‍ചാണ്ടിയെന്ന പ്രിയ നേതാവിനെ ഹൃദയത്തോടു ചേര്‍ത്തു. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലക്കൊണ്ടു. എവിടെയായിരുന്നാലും ഞായറാഴ്ചകളില്‍ അദ്ദേഹം വീട്ടിലുണ്ടാവുമെന്നും ഏതുവിഷയവും നേരിട്ടു ചെന്നു പറയാമെന്നും നാട്ടുകാര്‍ക്കൊരു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം അദ്ദേഹം ഒരിക്കലും തെറ്റിച്ചില്ല. അങ്ങിനെ ജനങ്ങളുമായുള്ള ദൃഢ ബന്ധത്തിലൂടെ കൂടെ നിര്‍ത്തിയതാണ് അദ്ദേഹം പുതുപ്പള്ളിയെ.

ജനങ്ങളുടെ ഹൃദയത്തില്‍ കുഞ്ഞൂഞ്ഞ് എന്ന വിളിപ്പേരില്‍ സ്നേഹത്തിന്റെ കരുത്തുണ്ടായിരുന്നു. ആ കരുത്തില്‍ 12 തവണ അദ്ദേഹം വിജയകിരീടമണിഞ്ഞു.
കോണ്‍ഗ്രസ്സില്‍ നിന്നു രണ്ടു തവണ സി പി എം പിടിച്ചെടുത്ത പുതുപ്പള്ളിയെ തിരിച്ചു പിടിക്കാനുള്ള നിയോഗവുമായാണ് യുവ രക്തമായ ഉമ്മന്‍ചാണ്ടി 1970 ല്‍ ആമണ്ണില്‍ വന്നിറങ്ങിയത്. 1980ല്‍ എന്‍ ഡി പിയിലെ എം ആര്‍ ജി പണിക്കര്‍ മുഖ്യ എതിരാളിയായപ്പോള്‍ ഭൂരിപക്ഷം 13,659 ആയി. 82 ല്‍ ഐ സി എസിലെ തോമസ് രാജനോട് 15,983 വോട്ടിന്റെ ഭൂരിപക്ഷം നേടി. 87 ല്‍ സി പി എമ്മിലെ വി എന്‍ വാസവന്‍ മത്സരിക്കാനെത്തിയപ്പോള്‍ ഭൂരിപക്ഷം 9,164 ലേക്കു താഴ്ത്താന്‍ കഴിഞ്ഞു. 91 ലും വാസവന്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടി ഭൂരിപക്ഷം 13,811 ലേക്കുയര്‍ത്തി. 96 ല്‍ സി പി എം റജി സഖറിയയെ രംഗത്തിറക്കിയപ്പോള്‍ ഒ സിയുടെ ഭൂരിപക്ഷം13,811 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് വിട്ടു സി പി എം ചേരിയില്‍ എത്തിയ, ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി ചെറിയാന്‍ ഫിലിപ്പാണ് 2001 ല്‍ സി പി എം സ്വതന്ത്രനായി ഉമ്മന്‍ചാണ്ടിയോടു പോരിനെത്തിയത്. അപ്പോഴും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 12,575 ല്‍ നിന്നു. 2006 ല്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ് പോരിനിറങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു 19,863 ലെത്തി. പിന്നീട് സിന്ധു ജോയ് ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്നു പ്രഖ്യാപിച്ചു സി പി എം വിട്ടു കോണ്‍ഗ്രസില്‍ എത്തിയതു ചരിത്രം.

2011 ല്‍ സി പി എം സുജ സൂസന്‍ ജോര്‍ജിനെ പോരിനിറക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം സര്‍വകാല റിക്കോര്‍ഡിലേക്കുയര്‍ന്ന് 33,255 ലെത്തി. എന്നാല്‍ 2016 ല്‍ സി പി എം പോരിനിറക്കിയ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് പി തോമസ് പരാജയപ്പെട്ടതു 27,092 വോട്ടിനായിരുന്നു. 2021 ജെയ്ക് തന്നെ പോരിനിറങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 1987 ല്‍ വി എന്‍ വാസവന്‍ താഴ്തിക്കൊണ്ടുവന്ന നിലവാരത്തിലേക്കു താഴ്ന്ന് 9,044 ല്‍ എത്തി.

ഇനി കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്ന ഉമ്മന്‍ചാണ്ടിയില്ല. മകന്‍ ചാണ്ടി ഉമ്മനാണ് പിതാവിന്റെ മണ്ഡലം നിലനില്‍ത്താന്‍ പോരിനിറങ്ങുന്നതെങ്കില്‍ എതിരാളിയായി മൂന്നാം പോരാട്ടത്തിനു സി പി എം, യുവ മുഖങ്ങളില്‍ പ്രമുഖനായ ജെയ്ക് സി തോമസ്സിനെ തന്നെ ഇറക്കാനാണു സാധ്യത. അങ്ങിനെയെങ്കില്‍ രണ്ടു യുവരക്തങ്ങളുടെ പോരാട്ടത്തിനായിരിക്കും പുതുപ്പള്ളിയില്‍ കളമൊരുങ്ങുക. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലുള്ള സഹതാപ തരംഗം ചാണ്ടി ഉമ്മനു കാരുത്താവുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം തന്നെയായിരിക്കും ജെയ്ക്കിന്റെ ശക്തി.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →