ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് പടക്കമെറിഞ്ഞ് യുവാവ്.

തൃശൂർ : തൃശൂർ നഗരത്തിലെ ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേയ്ക്ക് യുവാവ് പടക്കമെറിഞ്ഞു. പാട്ടുരായ്ക്കൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണ് പടക്കം എറിഞ്ഞത്. 2023 ജൂൺ 20 ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പടക്കമെറിഞ്ഞ പത്തനംതിട്ട സ്വദേശി രജീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പത്തനംതിട്ട സ്വദേശി രജീഷ് ആണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എടിഎം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതനുസരിച്ചുള്ള പരിശോധനയിലാണ് എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് നിർമ്മിത ഉഗ്ര ശേഷിയുള്ള പടക്കം എറിഞ്ഞതെന്ന് കണ്ടെത്തിയത്.

രജീഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും 1,700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തർക്കമാണ് സ്‌ഫോടകവസ്തു എറിയുന്നതിലെത്തിയത്. ഇത് സംബന്ധിച്ച് ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി വാക്ക്തർക്കത്തിലായിരുന്നു. മറ്റൊരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടിൽ അക്കൗണ്ടിൽ കാശില്ലാതെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് തുക അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. ഇക്കാര്യം ഇയാളോട് പറഞ്ഞെങ്കിലും രോഷാകുലനായി ജീവനക്കാരോട് കയർക്കുകയായിരുന്നുവത്രെ.

പിന്നീട് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ എ.ടി.എമ്മിനകത്ത് കയറി പുറത്തിറങ്ങി നിന്നതിന് ശേഷം കയ്യിലിരുന്ന വസ്തു അകത്തേക്ക് എറിയുകയും സെക്കൻഡുകൾക്കകം പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. തൃശൂർ ഈസ്റ്റ് പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട രജീഷിനായി ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →