ഏലിയൻ ഹണ്ടിംഗിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടി ഒരു പഠനം

ന്യൂഡൽഹി: ഏലിയൻ ഹണ്ടിംഗിനെക്കുറിച്ച് ചില സുപ്രധാന വിവരങ്ങളുമായി ദി അസ്‌ട്രോണിമിക്കൽ ജേർണൽ. അക്ഷയ് സുരേഷ്, വിശാൽ ഗജ്ജർ, പ്രണവ് നാഗരാജൻ, സോഫിയ ശെയ്ഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് നമ്മുടെ മിൽക്കി വേ ഗാലക്‌സിയുടെ മധ്യഭാഗത്തുള്ള പ്രത്യേകതരം ന്യൂട്രോൺ നക്ഷത്രങ്ങളായ പൾസറുകളിൽ നിന്നുവരുന്ന സിഗ്നലുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് അത് അന്യഗ്രഹ ജീവികളിൽ നിന്നുള്ള സിഗ്നലുകളാണോ എന്ന് പരിശോധിക്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.

നാരോ ഫ്രീക്വൻസി സിഗ്നലുകൾ പുറത്തുവിടുന്ന പൾസറുകൾ തിരിച്ചറിയാൻ എളുപ്പമാണെന്ന് മാത്രമല്ല അവ ദീർഘദൂര ആശയവിനിമയത്തിന് മികച്ചതുമാണ്. ബുദ്ധിശാലികളായ ചില അന്യഗ്രഹജീവികൾ അവരുടെ സാന്നിധ്യം അറിയിക്കാൻ ഇത്തരം സിഗ്നലുകളെ ഉപയോഗിക്കുന്നത് ആയിക്കൂടേ എന്ന ചോദ്യമാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം സിഗ്നലുകൾ പ്രപഞ്ചം ഒട്ടാകെയുണ്ടെങ്കിലും മിൽക്കി വേയിലെ എക്‌സോപ്ലാനറ്റുകളിലാകാം അന്യഗ്രഹ ജീവികൾ ഉണ്ടാകാൻ കൂടുതൽ സാധ്യത എന്നതിനാലാണ് മിൽകി വേ സിഗ്നലുകൾ കൂടുതൽ നിരീക്ഷിക്കാൻ നിർദേശിക്കുന്നതെന്നും പഠനസംഘം കൂട്ടിച്ചേർത്തു.

ഭൂമിയിലല്ലാതെ അന്യഗ്രഹങ്ങളിലും ജീവനുണ്ടോ? അവിടെയെല്ലാം ജീവജാലങ്ങളും ആവാസവ്യവസ്ഥയുമെല്ലാമുണ്ടോ? കാലങ്ങളായി ശരിക്ക് ഉത്തരം കിട്ടാതെ ശാസ്ത്രലോകത്തെ കുഴക്കുന്ന ഒരു ചോദ്യമാണിത്. അന്യഗ്രഹങ്ങളിൽ ജീവികളുണ്ടെന്ന് വയ്ക്കുക. അവ പ്രപഞ്ചത്തിൽ അവയുടെ എന്തെങ്കിലും അടയാളങ്ങളോ സിഗ്നലുകളോ എന്തായാലും അവശേഷിപ്പിക്കും. അത് നമ്മൾ മനുഷ്യർ ഇതുവരെ കാണാതെ പോയതാണെങ്കിലോ? ഈ ആലോചനകളിൽ നിന്ന് ഉണ്ടായി വന്ന ചില പുതിയ നിരീക്ഷണങ്ങൾ അന്യഗ്രഹ ജീവിതങ്ങളെ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങളിൽ ഒരു പുതിയ പാത വെട്ടിത്തുറക്കുകയാണ് ഈ പഠനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →