കേരളാസ്റ്റോറി സിനിമയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. കേരള സ്റ്റോറി താൻ കണ്ടിട്ടില്ലെന്നും ഇനി കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ നസീറുദ്ദീൻ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.“ഭീദ്, അഫ്വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ ഷാ പറയുന്നു.
ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെൻഡ് ആണെന്നും നാസി ജർമനിയുടെ വഴിയെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാൻ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജർമനിയിലെ അനേകം മികച്ച സിനിമക്കാർ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകൾ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു

