എഴുപത്തഞ്ചുകാരിയെആക്രമിച്ച് 8 പവൻ അപഹരിച്ചു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉഴവൂർ ∙ ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ അപഹരിച്ചു. കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽക്കയറി ആക്രമിച്ചാണ് 2 യുവാക്കൾ 6 വളയും 2 മോതിരവും കവർന്നത്. ഏലിയാമ്മയ്ക്കു നിസ്സാര പരുക്കേറ്റു.2023 മെയ് 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം.

മക്കൾ വിദേശത്തായതിനാൽ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയ യുവാക്കൾ മാമ്പഴം ചോദിച്ചു. മാമ്പഴം എടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി. തുടർന്ന് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു. യുവാക്കളിൽ ഒരാൾ മാത്രമാണ് അകത്തുകയറിയതെന്ന് ഇവർ പറയുന്നു.

ഏതാനും ദിവസം മുൻപ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗ സംഘം വീട്ടിലെത്തിയിരുന്നതായും ഈ സംഘത്തിൽപെട്ട രണ്ടുപേരാണ് ഇന്നലെ വന്നതെന്നു സംശയിക്കുന്നതായും ഏലിയാമ്മ മൊഴി നൽകിയിട്ടുണ്ട്. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

∙ “ഞെട്ടൽ മാറിയിട്ടില്ല. എല്ലാ ദിവസവും സഹായത്തിനു വരുന്ന സ്ത്രീ ഇന്നലെ വന്നിട്ടില്ലായിരുന്നു. എനിക്കു കാഴ്ചക്കുറവുണ്ട്. യുവാക്കൾ മുറ്റത്തു നിന്ന് മാമ്പഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോദിച്ചു. ഞാൻ അകത്തുകയറിയപ്പോൾ ഒരാൾ പിന്നാലെ വന്നു. ഞാൻ എടുത്തുകൊടുത്ത മാമ്പഴം വലിച്ചെറിഞ്ഞ ശേഷം അയാൾ എന്നെ കട്ടിലിലേക്കു തള്ളിയിട്ടു. ബലമായി മോതിരവും വളകളും ഊരിയെടുത്തു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു..” – ഏലിയാമ്മ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →