റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായംകുളം: ∙ കഞ്ചാവ് കടത്തുന്നതിന് പുതിയ രീതികളുമായി കഞ്ചാവ് മാഫിയ. റിസർവേഷൻ കോച്ചുകളിൽ ലഗേജ് എന്നു തോന്നും വിധം കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതായി റെയിൽവേ പൊലീസും എക്സൈസും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പാക്കറ്റുമായി റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന സംഘം റിസർവേഷൻ കോച്ചിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റിൽ സ്ഥാനം പിടിക്കും. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സീറ്റിനടിയിലോ ബർത്തിലോ പാക്കറ്റ് വച്ച്, ജനറൽ കംപാർട്മെന്റിലേക്ക് മാറും. ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തുമ്പോൾ കഞ്ചാവ് പാക്കറ്റ് റിസർവേഷൻ കോച്ചിൽ യഥാസ്ഥാനത്ത് തന്നെ ഉണ്ടോയെന്ന് നിരീക്ഷിക്കും. കഞ്ചാവ് കൈമാറേണ്ട സ്ഥലം എത്തുമ്പോൾ പാക്കറ്റ് വച്ചിരിക്കുന്ന കോച്ചിൽ അടയാള സഹിതം ഏറ്റുവാങ്ങേണ്ടവർക്ക് കൈമാറും. അവർ എത്തി പാക്കറ്റുമായി പോകുന്ന രീതിയാണ് ഇപ്പോഴത്തെ ട്രെന്റ്.

ഇതേ രീതിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാക്കറ്റാണ് കഴിഞ്ഞ ദിവസം കായംകുളത്തും തിരുവനന്തപുരത്തും പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിയ സംഘത്തെ കായംകുളത്ത് പിടികൂടാനായില്ല. വലിയ ലഗേജുകൾ സംശയകരമായ സാഹചര്യത്തിൽ കാണുമ്പോൾ മാത്രമാണ് റെയിൽവേ പൊലീസ് പരിശോധിക്കുന്നത്. കഞ്ചാവ് പാക്കറ്റ് സാധാരണ വലുപ്പത്തിലാണ് ട്രെയിനിൽ എത്തിച്ച് കടത്താനായി കൊണ്ടുവരുന്നത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ഓരോ ലഗേജിനും ഉടമസ്ഥരുണ്ടോയെന്ന് കണ്ടെത്തിയാൽ മാത്രമേ പുതിയ രീതിയിലുള്ള കഞ്ചാവ് കടത്ത് തടയാനാകൂ. ഒരു കിലോ കഞ്ചാവ് 4000 രൂപയ്ക്ക് വാങ്ങി ആവശ്യക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് 40000 രൂപയ്ക്ക് വരെ വിൽപന നടത്തുന്നുണ്ടെന്ന് എക്സൈസ് വിഭാഗം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *