ചണ്ഡിഗഡ്: റോഡിലുണ്ടായ സംഘട്ടനത്തേത്തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ കേസില്‍ ഒരുവര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് പി.സി.സി. അധ്യക്ഷനുമായ നവ്ജോത് സിങ് സിദ്ദു 2023 ഏപ്രില്‍ 1ന് ജയില്‍മോചിതനാകും. 34 വര്‍ഷം മുമ്പത്തെ കേസിലാണു മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു പട്യാല ജയിലില്‍ ശിക്ഷയനുഭവിക്കുന്നത്.
സിദ്ദുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു മോചനവിവരം പുറത്തുവന്നത്. 1988-ലെ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനേത്തുടര്ന്ന്, 2022 മേയിലാണു സിദ്ദു ജയിലിലായത്. സിദ്ദുവും സുഹൃത്തുമായുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചയാളുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്ക്കോടതി മൂന്നുവര്‍ഷം തടവാണു വിധിച്ചതെങ്കിലും സുപ്രീം കോടതി അത് ഒരുവര്‍ഷമായി കുറയ്ക്കുകയായിരുന്നു.

