കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ജൂണിനു മുമ്പു പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാനാവില്ല. പകരം സംവിധാനം ചട്ടപ്രകാരം ചാന്‍സലര്‍ക്കു തീരുമാനിക്കാം. ആറിനു കാലാവധി അവസാനിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റിനു പകരമുള്ള സെനറ്റ് രൂപവത്കരണ നടപടികള്‍ ജൂണ്‍ 30നു മുമ്പു പൂര്‍ത്തിയാക്കണമെന്നും അതുവരെ യൂണിവേഴ്‌സിറ്റി നിയമപ്രകാരം താല്‍ക്കാലിക സംവിധാനം ചാന്‍സലര്‍ക്കു കൈക്കൊള്ളാമെന്നും ഹൈക്കോടതി ജസ്റ്റിസ് സതീഷ് നൈനാന്‍ ഉത്തരവിട്ടു.സര്‍ക്കാരാണ് താല്‍ക്കാലിക ഭരണസമിതി രൂപവത്കരിക്കേണ്ടതെന്ന സര്‍കലാശാലയുടെ വാദം കോടതി അംഗീകരിച്ചില്ല.
സെനറ്റ് തെരഞ്ഞെടുപ്പ് ഉടനടി നടത്താന്‍ വൈസ് ചാന്‍സലര്‍ക്കു നിര്‍ദേശം നല്‍കണമെന്നും അതേവരെ താല്‍ക്കാലിക സംവിധാനം യൂണിവേഴ്‌സിറ്റി നിയമപ്രകാരം ചാന്‍സര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ: ഷിബി എം. തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചാന്‍സലര്‍, വൈസ് ചാന്‍സര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

