ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ നാല് പ്രതികളില്‍ മൂന്നുപേരെയും ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി വെറുതെവിട്ടു. മുഖ്യപ്രതിമാത്രം കുറ്റക്കാരനെന്നു കോടതി. ദളിത് യുവതിയെ ഉയര്‍ന്ന ജാതിക്കാരെന്ന് ആരോപിക്കപ്പെടുന്നവര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണിത്. മുഖ്യപ്രതിയായ സന്ദീപിനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 വകുപ്പ് (കൊലപാതകത്തിനു തുല്യമല്ലാത്ത നരഹത്യ) പ്രകാരം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കേസിലെ മറ്റു പ്രതികളായ രവി (35), ലവ്കുശ് (23), രാമു (26) എന്നിവരെയാണു യു.പിയിലെ എസ്.സി/എസ്.ടി. സ്‌പെഷല്‍ കോടതി കുറ്റക്കാരല്ലെന്നു വിധിച്ചത്.
വിധി ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുവതിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷക സീമ ഖുശ്‌വാഹ പറഞ്ഞു. പ്രതികള്‍ക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ലെന്ന് ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹിപാല്‍ സിങ് കോടതിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കീഴ്‌ക്കോടതിയുടെ തീരുമാനത്തിനെതിരേ അലാഹാബാദ് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളില്‍ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കുടുംബവും പ്രതികരിച്ചു.
2020 സെപ്റ്റംബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് പീഡനം. രാജ്യാന്തരതലത്തില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു. ഡല്‍ഹിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സെപ്റ്റംബര്‍ 14 ന് പത്തൊമ്പതുകാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.
ജോലി ചെയ്യുന്ന വയലില്‍നിന്നു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ഗുരുതരപരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതി പിന്നീട് പോലീസിന് മൊഴി നല്‍കി. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 29-ന് അവള്‍ മരണത്തിനു കീഴടങ്ങി.
2012-ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവമാണ് ഹത്രാസിലും നടന്നത്. ഇരയുടെ ദേഹത്ത് ഒട്ടേറെ ഒടിവുകളും പൊട്ടലുകളുമുണ്ടായി. ശ്വസിക്കാന്‍ പോലും പാടുപെടുന്ന സ്ഥിതിയായി. മരണത്തിനു പിന്നാലെ അര്‍ധരാത്രി പോലീസിന്റെ നേതൃത്വത്തില്‍ രഹസ്യമായി മൃതദേഹം സംസ്‌കരിച്ചു. അന്തിമകര്‍മങ്ങള്‍ തിടുക്കത്തില്‍ നടത്താന്‍ ലോക്കല്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ചെന്ന് ഇരയുടെ കുടുംബം ആക്ഷേപിച്ചിരുന്നു. ബന്ധുക്കളില്‍ പലര്‍ക്കും പെണ്‍കുട്ടിയെ അവസാനമായി ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമായി. തെളിവു നശിപ്പിക്കാനായിരുന്നു തിടുക്കത്തിലുള്ള സംസ്‌കാരമെന്ന ആരോപണം ജനരോഷം ആളിക്കത്തിച്ചു. തിളച്ചുമറിഞ്ഞ ഹത്രാസിലേക്കു മാധ്യമപ്രവര്‍ത്തകരെപ്പോലും പോലീസ് കടത്തിവിട്ടില്ല. നിയന്ത്രണങ്ങള്‍ മറികടന്ന് ഹത്രാസിലേക്കു പോകാന്‍തുനിഞ്ഞ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിക്കുള്ളിലായി.
2020 ഒക്‌ടോബറില്‍ ഈ കേസ് അലാഹാബാദ് ഹൈക്കോടതിയുടെ ശ്രദ്ധയിലേക്കു വന്നിരുന്നു. മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം എന്നായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം.
പത്തു ദിവസത്തിനു ശേഷം കേസ് സി.ബി.ഐ. ഏറ്റെടുത്തു. ആ വര്‍ഷം ഡിസംബറില്‍ നാല് പ്രതികള്‍ക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. നാല് പേര്‍ക്കെതിരെയും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് സി.ബി.ഐ കേസെടുത്തത്.ആദ്യ അന്വേഷണത്തിലും ചികിത്സയിലും ഉണ്ടായ വീഴ്ചയുടെ പേരില്‍ പോലീസിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെയും പ്രതിപക്ഷം കടന്നാക്രമിച്ചിരുന്നു.



