മൂന്നാർ: പഴയമൂന്നാർ ഹൈഡൽ പാർക്കിൽ നിർമ്മാണം നടത്താൻ പാടില്ലെന്ന് കാട്ടി വന്യു അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകി.ജലയാശയത്തിന് സമീപത്തെ അതീവ സുരക്ഷമേഖലയിൽ നിർമ്മാണത്തിന് അനുമതിതേടി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ നിർമ്മാണത്തിന് അനുമതി നൽകാൻ കഴിയില്ലെന്ന് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് മറുപടി നൽകി.
എന്നാൽ ചീഫ് സെക്രട്ടറിയുടെ കത്ത് ലഭിച്ചിട്ടും നിർമ്മാണം നിർത്തിവെയ്ക്കാൻ ബാങ്ക് അധിക്യതർ തയ്യാറായില്ല. യന്ത്രങ്ങളുടെ സഹായത്തോടെ ജലാശയത്തിന് സമീപത്ത് അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം തുടരുകയായിരുന്നു.. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന നിർമ്മാണം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണ ശർമ്മയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പാർക്ക് സന്ദർശിച്ച് നിർമ്മാണത്തിന് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകി. നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മൂന്നാർ വില്ലേജ് ഓഫീസർ എൻഎസ് ബിജിയെ നിയോഗിക്കുകയും ചെയ്തു .



