സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി.പി.എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായും സതീശൻ പറഞ്ഞു.

ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായി. സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്ന് ഒന്നര കോടിയോളം രൂപ ചെലവഴിച്ച് സുപ്രീം കോടതിയിൽ മുൻനിര അഭിഭാഷകരെ രംഗത്തിറക്കിയാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ സി.പി.എം നേതാക്കൾ കുടുങ്ങുമെന്നത് തീർച്ചയാണ്. എല്ലാം ചെയ്യിച്ചത് പാർട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നിട്ട് കേരള പോലീസ് ചെറുവിരൽ അനക്കിയിട്ടില്ല. സത്യം പുറത്തു വരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയുമുണ്ടെങ്കിൽ സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയും പ്രതികൂട്ടിലാണ്. സ്വപ്ന സുരേഷിന് ജോലി നൽകണമെന്ന് എം.ശിവശങ്കറിനോട് മുഖ്യമന്ത്രി നിർദേശിച്ചതായി ഇ.ഡി റിപ്പോർട്ടിലുണ്ട്. സ്പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പി.ഡബ്യു.സി നിയമിച്ച കാര്യവും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തുടക്കം മുതൽ ഈ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. സി.ബി.ഐ അന്വേഷണത്തിന് തടയിടാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തിൽ വിജിലൻസ് അന്വേഷണവും നിലച്ചു. സ്വപ്ന സുരേഷിനെ ധനസമ്പാദനത്തിനുള്ള ഇടനിലക്കാരിയാക്കിയ മുഖ്യമന്ത്രിക്കും സർക്കാരിനും മറച്ചുപിടിക്കാൻ ഒരുപാടുണ്ട്. പക്ഷേ പ്രതിപക്ഷവും ജനങ്ങളും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, വി.ഡി. സതീശൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →