അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും

തൊടുപുഴ: സുഹൃത്തായ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. സുഹൃത്തും അയല്‍വാസിയുമായ വണ്ടന്‍മേട് മാലികരയില്‍ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് വണ്ടന്‍മേട് മാലികരയില്‍ താമസിക്കുന്ന പാല്‍പാണ്ടിക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2014 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തും അയല്‍വാസിയുമായ രാജേന്ദ്രനുമായി പ്രതി പാല്‍പ്പാണ്ടി തന്റെ ഭാര്യയെക്കുറിച്ച് അനാവശ്യം പറഞ്ഞതുസംബന്ധിച്ച് സംഘര്‍ഷമുണ്ടായിരുന്നു. സംഭവദിവസം വണ്ടന്‍മേട് – മേട്ടുക്കുഴി റോഡിന്റെ മേലേ മാലി ഭാഗത്ത്‌വച്ച് ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ പാല്‍പ്പാണ്ടി തന്റെ കൈയില്‍ കരുതിയിരുന്ന പിച്ചാത്തി എടുത്ത് രാജേന്ദ്രനെ കുത്തിവീഴ്ത്തിയശേഷം സ്ഥലംവിട്ടു. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ കട്ടപ്പന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് പോലീസ് പാല്‍പ്പാണ്ടിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെവസ്ത്രത്തിലും കണ്ടെടുത്ത കത്തിയിലും രക്തംരാസപരിശോധനയില്‍ കണ്ടെടുത്തത് കേസിലെ നിര്‍ണായക തെളിവായി കോടതി നിരീക്ഷിച്ചു.

സാക്ഷികള്‍ ഭൂരിഭാഗവും പ്രതിക്ക് അനുകൂലമായി കൂറുമാറി മൊഴി നല്‍കിയെങ്കിലും സംഭവം കണ്ട രണ്ട് സാക്ഷികളുടെ മൊഴിയും കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ണായകമായി. വണ്ടന്‍മേട് സബ് ഇന്‍സ്‌പെക്ടറായ കെ.കെമണിലാല്‍, കട്ടപ്പന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ റെജി എം. കുന്നിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →