ഓഫറുമായി സിക്കിം മുഖ്യമന്ത്രി ഒന്നിലേറെ പ്രസവങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്!

ഗാങ്ടോക്: രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമായ സിക്കിമില്‍ ജനന നിരക്ക് കുത്തനെ കുറയുന്നതു തടയാന്‍ സ്ത്രീകള്‍ക്ക് ആകര്‍ഷകമായ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പ്രേം സിങ് തമാങ്. രണ്ടാമത്തെ പ്രസവത്തിനു വനിതകളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ക്രിമെന്റും മൂന്നാമത്തെ കുട്ടിക്ക് രണ്ട് ഇന്‍ക്രിമെന്റുമാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ആദ്യമായി കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശം വരുന്നത് ഇതാദ്യമാണ്.

സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2021 നവംബര്‍ 14-നു സര്‍ക്കാര്‍ സര്‍വീസിലുള്ള സ്ത്രീകള്‍ക്ക് 365 ദിവസത്തെ പ്രസവാവധിക്കു അര്‍ഹതയുണ്ടെന്നു പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം വരുന്നത്. അതുപോലെ പുതിയ അച്ഛന്‍മാര്‍ക്ക് 30 ദിവസത്തെ പിതൃത്വ അവധി ലഭിക്കും. സിക്കിമിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നിരക്കിലാണിപ്പോള്‍. സിക്കിമില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടാകുമെന്നും അതിനുള്ള മാര്‍ഗങ്ങള്‍ ആരോഗ്യ, വനിതാ ശിശു സംരക്ഷണ വകുപ്പുകള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ കാരണങ്ങളാല്‍ ഗര്‍ഭംധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ വൈദ്യസഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സിക്കിമിലെ ആശുപത്രികളില്‍ ഐ.വി.എഫ്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തന്റെ സര്‍ക്കാരിനായെന്നും തമാങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →