നടക്കാവ്: കോഴിക്കോട്ട് വിദ്യാർഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖാണ് (19) ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്.ആർ.എം. കോളേജ് വിദ്യാർഥിയാണ്. 2023 ജനുവരി 8 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ് പോലീസിൽ പരാതി നൽകി.
എസ്.ആർ.എം. കോളേജിൽ റെസ്പിറേറ്ററി തെറാപ്പി കോഴ്‌സ് വിദ്യാർഥിയായിരുന്നു ആനിഖ്. 09/01/2023 തിങ്കളാഴ്ച ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നടക്കാനിരിക്കുകയാണ്. എന്നാൽ ഹാജർ കുറവാണെന്ന് പറഞ്ഞ് ആനിഖ് പരീക്ഷ എഴുതാനുള്ള അനുമതി കോളേജ് അധികൃതർ നിഷേധിച്ചിരുന്നു എന്നാണ് വിവരം.
പരീക്ഷയ്ക്ക് ഇരിക്കണമെങ്കിൽ എൺപതു ശതമാനം ഹാജർ വേണമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആനിഖിന് 67 ശതമാനം ഹാജരാണ് ഉണ്ടായിരുന്നത്. കോഴ്‌സിന് ചേർന്നയുടനേ ആനിഖിന് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും കുറച്ച് അവധി എടുക്കേണ്ടിയും വന്നിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെന്നും എന്നാൽ ഇത് അംഗീകരിക്കാനോ പരീക്ഷ എഴുതാൻ അനുമതി നൽകാനോ കോളേജ് അധികൃതർ കൂട്ടാക്കിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
.സെമസ്റ്റർ ഫീസും പരീക്ഷാഫീസും അടച്ചതിന് ശേഷമാണ് പരീക്ഷ എഴുതാനാകില്ലെന്ന വിവരം കുട്ടിയെ അറിയിച്ചത്. ഇതേത്തുടർന്ന് പരീക്ഷ എഴുതാനാകാത്ത ദുഃഖവുമായി കഴിഞ്ഞ 20-ന് ആനിഖ് നാട്ടിലെത്തി. പിന്നീട് മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. കടുത്ത മാനസിക സമ്മർദവും വിഷമവും ആനിഖിനുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു



