അങ്ങാടിക്കൽ: പത്തനംതിട്ട അങ്ങാടിക്കലിൽ ലഹരി ഉപയോഗിച്ച ശേഷം നാൽപ്പത്തഞ്ചുകാരൻ സ്വന്തം വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ എന്നയാളാണ് അതിക്രമം കാണിച്ചത്. 2023 ജനുവരി 8 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
സുനിലും അമ്മയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സുനിൽ വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിനു മുകളിൽ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്.
തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികൾ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹം അടൂരിലെ ഫയർ ഫോഴ്‌സ് യൂണിറ്റിനെ വിവരം അറിയിച്ചു. എന്നാൽ ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങൾ അടക്കം കത്തി നശിച്ചിരുന്നു.
മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയർ ഫോഴ്‌സ് അംഗങ്ങൾ സുനിലിനെ ബലമായി കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. മദ്യം അടക്കമുള്ള ലഹരി പതിവായി ഉപയോഗിക്കുന്നയാളാണ് സുനിൽ എന്നാണ് വിവരം.



