തിരുവനന്തപുരം: മാസംതോറും വൈദ്യുതിനിരക്ക് കൂട്ടുന്നതിനെതിരേ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി കേരളം.മാസംതോറും നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്കുന്ന കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുക. കഴിഞ്ഞ 29 നു പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെയാണ് സംസ്ഥാനത്തെ ഉപയോക്താക്കളെ ദുരിതത്തിലാക്കുന്ന നീക്കത്തിനെതിരേ പരാതി നല്കാന് തീരുമാനിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതലയോഗം 10ന് ചര്‍ച്ച ചെയ്തശേഷം കേന്ദ്രത്തെ നിലപാടറിയിക്കും.
രാജ്യത്തെ െവെദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് വൈദ്യുതിനിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. ഇതുപ്രകാരം ഇന്ധനവിലയ്ക്കനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതിനിയമം പാസാക്കുന്നതിനു മുമ്പാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.ഇന്ധന സര്‍ചാര്‍ജ് ഇപ്പോള്‍ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്നു തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്.
കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മിഷന് തീരുമാനമെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതു പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

