റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കാനും അവിടെ തടഞ്ഞുവയ്ക്കാനും സാദ്ധ്യത

December 2, 2022 - 8:35 am

തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ബില്ല് കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ വളഞ്ഞവഴിയിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത് ചട്ടലംഘനവും, ഗവർണറും രാഷ്ട്രപതിയും ഒപ്പിടാതിരിക്കാൻ കാരണവുമാകും. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലെ ഏത് ബില്ലും സഭയിൽ അവതരിപ്പിക്കും മുമ്പ് കേന്ദ്രാനുമതി നേടണമെന്ന് ഭരണത്തിന്റെ പ്രാമാണികരേഖയായ റൂൾസ് ഓഫ് ബിസിനസിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്. ഗവർണറെ വെട്ടാനുള്ള ബില്ലിന് കേന്ദ്രാനുമതി തേടിയിട്ടില്ല. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കാനും അവിടെ തടഞ്ഞുവയ്ക്കാനും വഴിയൊരുങ്ങും.

ഉന്നതവിദ്യാഭ്യാസ ഭരണം എന്ന യു.ജി.സി രേഖ ( 2019 )​ പ്രകാരം സംസ്ഥാന സർവകലാശാലകളിൽ ഗവർണറായിരിക്കണം ചാൻസലർ. വൈസ് ചാൻസലർമാരെ നിയമിക്കേണ്ടതും സ്റ്റാറ്റ്യൂട്ടുകളും റഗുലേഷനുകളും അംഗീകരിക്കേണ്ടതും വിവിധ സമിതികളിലേക്ക് നാമനിർദ്ദേശം നടത്തേണ്ടതും ചാൻസലറാണ്. രാജ്യത്താകെ ഒരേ നിലവാരം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഈ യു.ജി.സി മാനദണ്ഡം മാറ്റാൻ യു.ജി.സിയുടെയും അനുമതി വേണം. സർക്കാരിന്റെ ബില്ല് 2010ലെയും 2018ലെയും യു.ജി.സി ചട്ടങ്ങൾക്കും വിരുദ്ധമാണ്.

.ബില്ലിൽ ചാൻസലറെ നിയമിക്കാനുള്ള മാനദണ്ഡം മന്ത്രിസഭയുടെ പ്രീതി മാത്രം. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുമെന്ന് മാത്രമാണ് പറയുന്നത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. ചാൻസലർക്ക് ഒരുവട്ടം പുനർ നിയമനമുണ്ടെങ്കിലും കാലാവധി പറയുന്നില്ല. ചാൻസലർ സർക്കാരിന്റെ നിയന്ത്രണത്തിലായാൽ വാഴ്സിറ്റികളുടെ സ്വയംഭരണാധികാരം നഷ്ടമാവാം. സുപ്രീംകോടതി ഉത്തരവുകൾക്കും യു.ജി.സി മാനദണ്ഡങ്ങൾക്കും വിരുദ്ധമാണിത്..വ്യത്യസ്ത ചാൻസലർമാരായാൽ മികച്ച സർവകലാശാലയ്ക്ക് 5 കോടിയുടെ ചാൻസലേഴ്സ് അവാർഡ് നൽകുന്നതും അസാദ്ധ്യമാവും..

പ്രോ ചാൻസലറായ വിദ്യാഭ്യാസ മന്ത്രി അംഗമായ മന്ത്രിസഭയാണ് പ്രോ ചാൻസലറുടെ മേലധികാരിയാകേണ്ട ചാൻസലറെ നിയമിക്കേണ്ടത്. പ്രോട്ടോകോൾ പ്രകാരം മന്ത്രിയാണ് മുകളിൽ. എന്നാൽ താൻ നിയമിച്ച ചാൻസലറുടെ ഉത്തരവുകൾ പ്രോ ചാൻസലർ എന്ന നിലയിൽ മന്ത്രി അനുസരിക്കേണ്ടി വരും.. റൂൾസ് ഒഫ് ബിസിനസ് 49(2) പ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണത്തിന് കേന്ദ്രത്തിലെ വകുപ്പുമായി ആലോചിക്കണം. നിയമ ഭേദഗതിക്കാണ് ബില്ലെങ്കിലും കേന്ദ്രവുമായി ആലോചിക്കണം.

ചാൻസലർക്ക് ഓഫീസ്, ജീവനക്കാർ, കാർ തുടങ്ങിയവ അതത് സർവകലാശാലകൾ നൽകണം. വി. സി അദ്ധ്യക്ഷനായ സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബഡ്‌ജറ്റിൽ ചാൻസലറുടെ ചെലവിന് പണം കണ്ടെത്തണം..യു.ജി.സി നിയമപ്രകാരം സർവകലാശാലയുമായി ബന്ധമുള്ളവർ വി.സി നിയമനത്തിനുള്ള സമിതിയിൽ അംഗമാവരുത്. അതിനാൽ സർവകലാശാലയുടെ പണം വാങ്ങുന്ന ചാൻസലർക്ക് സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിയോഗിക്കാനാവില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *