തിരുവനന്തപുരം: ഗവർണർ പദവി റബർ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തിൽ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവർണറുടെ പരാമർശം. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടുമെന്നും ആർ.എൻ. രവി പറഞ്ഞു.
സംസ്ഥാനത്ത് ഗവർണർ- സർക്കാർ പോര് രൂക്ഷമായിരിക്കെയാണ് തമിഴ്‌നാട് ഗവർണറെ പങ്കെടുപ്പിച്ച് ലോകായുക്ത ദിനാചരണം നടത്തിയത്. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഗവർണർക്കെതിരേ ചൊവ്വാഴ്ച രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു. അതേദിവസം തന്നെയാണ് സി.പി.എമ്മും മുന്നണിയും കേരളാ ഗവർണർക്കെതിരേ ഉന്നയിക്കുന്നതിന് സമാന ആരോപണങ്ങൾ തമിഴ്‌നാട് സർക്കാരും ഉന്നയിക്കുന്ന ആർ.എൻ. രവിയുമായി പി. രാജീവ് വേദി പങ്കിടുന്നത്. രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഡി.എം.കെ. പ്രതിനിധി തിരുച്ചി ശിവ എം.പി. കടുത്ത വിമർശനമായിരുന്നു ഇരുസംസ്ഥാനത്തെയും ഗവർണർമാർക്കുമെതിരേ ഉന്നയിച്ചത്.
നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ബില്ലിൽ ഇതുവരേയും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ കൂടിയാണ് ആർ.എൻ. രവിയുടെ പരാമർശം. ഒരു ബിൽ ഒപ്പിടാതിരിക്കണമെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങൾ തകരാതെ നോക്കേണ്ടത് ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് ഗവർണർ വേദിയിൽ പറഞ്ഞു

