ബെംഗളൂരു: ജീവനക്കാരുടെ നിയമനകാര്യത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായുള്ള മുൻ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐടി ഭീമൻ ഇൻഫോസിസ് നിയമനടപടി നേരിടുന്നു. യുഎസ് കോടതിയിലാണ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളത്.
പ്രായം, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇൻഫോസിസിൽ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കഴിഞ്ഞ കൊല്ലം നൽകിയ പരാതിയിൽ ഇൻഫോസിസിന്റെ ടാലന്റ് അക്യുസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രജീൻ ആരോപിച്ചിരുന്നു. ഇന്ത്യൻ വംശജർ, കുട്ടികളുള്ള വനിതകൾ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കണമെന്ന് കമ്പനി നിർദേശിച്ചിരുന്നതായി ജിൽ പ്രജീൻ പറയുന്നു.
ന്യൂയോർക്കിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്ട് കോർട്ടിന് മുമ്പിലാണ് ജിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഫോസിസിനെതിരെ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥരും പാർട്‌നർമാരും ചേർന്ന് 2021 സെപ്റ്റംബറിലാണ് കേസ് ഫയൽ ചെയ്തത്. വിവേചനപരമായി പെരുമാറുന്ന, ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംസ്‌കാരം കമ്പനി തുടരുന്നത് തനിക്ക് ഞെട്ടലുണ്ടാക്കിയതായും ജോലിയ്ക്ക് ചേർന്ന് ആദ്യമാസങ്ങളിൽ കമ്പനിയുടെ നിയമവിരുദ്ധമായ ഈ രീതി മാറ്റിയെടുക്കാൻ ശ്രമിച്ചതായും ജിൽ കോടതിയിൽ വ്യക്തമാക്കി.
കമ്പനിക്കെതിരെയുള്ള കേസ് തള്ളാൻ ഇൻഫോസിസ് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ നിയമനത്തിലെ പക്ഷപാതപരമായ നടപടികളുമായി സഹകരിക്കാത്തതിനാലാണ് ജില്ലിനെ ജോലിയിൽ നിന്ന് പിരിച്ചവിട്ടതെന്ന ആരോപണവും ഇൻഫോസിസ് നിഷേധിച്ചിരുന്നു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ജിൽ മതിയായ തെളിവുകൾ ഹാജരാക്കിയിരുന്നില്ല എന്ന കാരണവും കേസ് റദ്ദാക്കാൻ ഇൻഫോസിസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇൻഫോസിസിന്റെ അപേക്ഷ കോടതി നിരസിച്ചു. കൂടാതെ 21 ദിവസത്തിനകം മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇൻഫോസിസിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റും കൺസൾട്ടിങ് മേധാവിയുമായ മാർക് ലിവിങ്‌സ്ടൺ, മുൻ പാർട്‌നർമാരായ ഡാൻ ആൾബ്രൈറ്റ്, ജെറി കേട്‌സ് എന്നിവർക്കെതിരെയാണ് കോടതി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

