റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ അതിക്രമക്കേസില്‍ കോടതിയില്‍ ഹാജരായ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കുറ്റം നിഷേധിച്ചു. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഒഴികെയുള്ള പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. ഇവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കേസ് 26-നു വീണ്ടും പരിഗണിക്കുമ്പോള്‍ ജയരാജന്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു.

അസുഖത്തേത്തുടര്‍ന്നു വിശ്രമത്തിലായതിനാലാണു ജയരാജന്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മന്ത്രി ശിവന്‍കുട്ടിക്കു പുറമേ മറ്റ് പ്രതികളായ കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്കുമാര്‍, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. രേഖയ്ക്കു മുമ്പാകെ ഹാജരായി.

കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി െഹെക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനേത്തുടര്‍ന്നാണു പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടത്. വിടുതല്‍ഹര്‍ജി നിലനിക്കുന്നതിനാല്‍ പ്രതികള്‍ നേരത്തേ കോടതിയില്‍ ഹാജരായിരുന്നില്ല. ഹര്‍ജി തള്ളിയശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികള്‍ എത്താതിരുന്നതോടെയാണു വാറന്റ് പുറപ്പെടുവിച്ചത്.

2015 മാര്‍ച്ച് 13-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാനുള്ള പ്രതിപക്ഷശ്രമത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു ക്രൈംബ്രാഞ്ച് കുറ്റപത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *