ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഭരണ കാലാവധി നീട്ടാൻ അനുവദിക്കുന്ന ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിർദിഷ്ട കാലയളവിനുശേഷം ഇരുവർക്കും സ്ഥാനങ്ങളിൽ തുടരാം. ബി.സി.സി.ഐ തിരഞ്ഞെടുപ്പിലും മത്സരിക്കാം. ബി.സി.സിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിധികളിലൊന്നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ബി.സി.സി.ഐ മുന്നോട്ട് വെച്ച മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചു. ബിസിസിഐയുടെ ഭരണഘടനയിലെ ‘കൂളിംഗ് ഓഫ് പിരീഡ്’ ക്ലോസ് കാരണം ഗാംഗുലിയുടെയും ഷായുടെയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. ബി.സി.സി.ഐയുടെ തലപ്പത്ത് മൂന്ന് വർഷമാണ് ഇരുവരും നിന്നത്. അതിന് മുൻപുള്ള ആറുവർഷം ഇരുവരും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നു.
ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വർഷം വീതമുള്ള രണ്ട് ടേമുകളിൽ ഭരണത്തിലുണ്ടായിരുന്നു. പിന്നാലെ ഇരുവരും ബി.സി.സി.ഐയുടെ തലപ്പത്തുമെത്തി. ഇതോടെ തുടർച്ചയായി ഒൻപത് വർഷം ഇരുവരും അധികാരത്തിലമർന്നു. ഇക്കാരണത്താൽ വീണ്ടും സ്ഥാനങ്ങളിൽ തുടരാൻ ബി.സി.സി.ഐയുടെ ഭരണഘടന അനുവദിക്കുമായിരുന്നില്ല. തുടർച്ചയായി ഭരണത്തിലിരുന്നാൽ അധികാരങ്ങളിൽ നിന്ന് കുറച്ചുകാലം മാറിനിൽക്കണമെന്നതാണ് ബി.സി.സി.ഐയുടെ ഭരണഘടനയിലുള്ളത്. ഇതാണ് കൂളിങ് ഓഫ് പിരീഡ്.
ഇതേത്തുടർന്നാണ് ബി.സി.സി.ഐ ഭരണഘടനയിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അധികൃതർ സുപ്രീം കോടതിയിലെത്തിയത്. 12 വർഷം തുടർച്ചയായി ഒരു വ്യക്തി കൂളിങ് ഓഫ് പിരീഡ് എടുക്കാതെ ഭരണത്തലപ്പത്ത് തുടരുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. നേരത്തെ, ജസ്റ്റിസ് ആർ.എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബിസിസിഐയിൽ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്തിരുന്നു. ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നിർദേശം സമർപ്പിച്ചു. ഇതേത്തുടർന്നാണ് സുപ്രധാനമായ വിധി പുറത്തുവന്നത്

