പട്ടിക വർഗ്ഗക്കാരനായ രാമന്റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്ന കേസിൽ എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ മുൻകൂർ ജാമ്യം തേടി

കൊച്ചി: മുൻകൂർ ജാമ്യം തേടി എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു ഹൈക്കോടതിയിൽ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിലായ കേസിലെ രണ്ടാം പ്രതിയാണ് ജോയ് മാത്യു. പട്ടിക വർഗ്ഗക്കാരനായ ഷോളയാർ സ്വദേശി രാമന്റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്നാണ് കേസ്. ഒരു വർഷം മുൻപത്തെ പരാതിയിലെ ഇപ്പോഴത്തെ സർക്കാർ നടപടി രാഷ്ട്രീയ വിരോധം തീർക്കാനെന്നാണ് ജോയ് മാത്യുവിന്റെ ആരോപണം.

ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് 2022 ജൂലൈ 13 ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേർ ആൾജ്യാമം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഒപ്പിടാൻ പോകുന്നത് ഒഴിച്ചാൽ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഉപാധിയുണ്ട്.

ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ് ചെയ്തത്.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിൻറെ രാഷട്രീയമടക്കം ഏറെ ചർച്ചയായിരുന്നു. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെൻറ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാൻ എസ്‍സി എസ്‍ടി കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →