കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് കൊട്ടാരവും ഓഫീസും കൈയേറിയ ജനക്കൂട്ടം ആഘോഷത്തിമിര്‍പ്പില്‍. പ്രതിഷേധക്കാര്‍ കൊട്ടാരത്തിലെ ആഡംബരങ്ങള്‍ ആസ്വദിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.കൊട്ടാരത്തില്‍ ഒരുക്കിയിരിക്കുന്ന ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിന്റെയും മുറികളില്‍ വിശ്രമിക്കുന്നതിന്റെയും അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. പ്രതിഷേധക്കാര്‍ കൊട്ടാരത്തിനുള്ളിലെ പിയാനോ വായിച്ചു പാട്ടുപാടുന്നതിന്റെയും ആഡംബര കാറുകളുടെ വന്‍ ശേഖരത്തിനു മുന്നില്‍ സെല്‍ഫി എടുക്കുന്നതിന്റെയും വീഡിയോയുമുണ്ട്. കൊട്ടാരവളപ്പിലെ സ്വിമ്മിങ് പൂളിലെ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഏകദേശം 17.8 ദശലക്ഷം ശ്രീലങ്കന്‍ രൂപയും കൊട്ടാരത്തില്‍നിന്നു കണ്ടെടുത്തതായി വിവരമുണ്ട്. അതിനിടെ, പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ബങ്കറും കൊട്ടാരത്തില്‍ കണ്ടെത്തി.കൊട്ടാരത്തില്‍ നിലയുറപ്പിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്)ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ സേഫ് ഹൗസും കണ്ടെത്തി. പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയതു മുതല്‍ പ്രസിഡന്റ് അജ്ഞാത കേന്ദ്രത്തിലാണ്. അദ്ദേഹം രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീയും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്. ഇവിടെ വലിയ പാത്രങ്ങളില്‍ പാചകം പുരോഗമിക്കുന്നതിന്റേതടക്കം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

