റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്ക്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു

July 8, 2022 - 10:08 pm

ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് വേണ്ടി ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍  വിതരണം ചെയ്തതിനൊപ്പം  പഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രധാന സ്ഥലങ്ങളായ വണ്ടിപ്പേട്ടയിലും ബസ് സ്റ്റാന്‍ഡിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. കക്കൂസ് മാലിന്യം വരെ തള്ളി കൊണ്ടിരുന്ന തണുങ്ങാട്ടില്‍ പാലത്തിനു സമീപമുള്ള പ്രദേശങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കുകയും  മാലിന്യ മുക്തം ആക്കുകയും ചെയ്തു.

മാരാമണ്‍ കണ്‍വന്‍ഷന്‍, തിരുവാഭരണ ഘോഷയാത്ര തുടങ്ങിയ തീര്‍ഥാടനസമയങ്ങളില്‍ പഞ്ചായത്ത് മാതൃകപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പരമ്പരാഗതരീതിയിലുള്ള വല്ലം കൊട്ട നിര്‍മിച്ചായിരുന്നു മാലിന്യങ്ങള്‍ ശേഖരിച്ചത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ കോഴഞ്ചേരിയിലെ റോഡുകളും നടപ്പാതകളും ശുചീകരിക്കുകയും ബ്ലീച്ചിംഗ് പൗഡര്‍ വിതറുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയുകയും ചെയ്തിരുന്നു.

തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചും ഹരിത കര്‍മ്മസേന അംഗങ്ങള്‍ പാതയോരം വൃത്തിയാക്കി. വീടുകള്‍ തോറും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിതകര്‍മസേനയും പഞ്ചായത്തില്‍ സജീവമാണ്. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരമായ ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസിഡന്റ് ജിജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *