ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തിനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടെ അതിൽ നിന്നും തലയൂരാൻ നടപടികൾ വേഗത്തിലാക്കി പാകിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിൽ ആവുകയും, പതിനഞ്ചു വർഷം തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയത് സാജിദ് മിർ ആയിരുന്നു. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തു കടക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് നാടകമെന്നാണ് ഉയരുന്ന ആക്ഷേപം. ഇതുസംബന്ധിച്ച് എഫ്എ ടിഎഫ് തെളിവുകൾ ആവശ്യപ്പെട്ടിരുന്നു. യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളിയുടെ പട്ടികയിലാണ് മിർ ഉള്ളത്. സാജിദ് മീറിനെതിരെ നടപടി വൈകുന്നതിൽ പാകിസ്ഥാന് എഫ്ബിഐ മുന്നറിയിപ്പു നൽകിയിരുന്നു.
അമേരിക്ക കൊടും ഭീകരനായി പട്ടികയിൽപ്പെടുത്തിയ മിറിനെ വിട്ടുകിട്ടണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുംബൈ ആക്രമണത്തിൽ ആറ് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട കേസിലാണ് മിറിനെ ആവശ്യപ്പെട്ടത്. അമേരിക്കൻ ഭീകരനായ ദാവൂദ് ഗിലാനി എന്ന് പേരുമാറ്റിയ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ ഏഷ്യയിലെ കയ്യാളായിരുന്നു മിർ .
മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജർ എന്നാണ് മിറിനെ വിളിച്ചിരുന്നത്. മുംബൈ ഭീകരാക്രമണം പാക്കിസ്ഥാനിൽ ഇരുന്ന് നിയന്ത്രിച്ചത് മിർ ആണെന്നായിരുന്നു കണ്ടെത്തൽ. വ്യാജ പേരിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് 2005 ല് മിര് ഇന്ത്യ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജെയുഡി തലവനുമായ മിർ, ലാഹോർ എടിസി ഭീകരാക്രമണത്തിനു സാമ്പത്തിക സഹായം നൽകിയ കേസിൽ 68 വർഷം തടവിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
2018 ജൂണിലാണ് പാകിസ്ഥാനെ പാരീസ് ആസ്ഥാനമാക്കിയുള്ള എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ പെടുത്തിയത്. തീവ്രവാദത്തിന് ലഭിക്കുന്ന സഹായങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടില്ല എന്ന് വിലയിരുത്തലിലാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭ ഭീകരർ എന്ന് പ്രഖ്യാപിച്ചവർക്കെതിരെ നടപടി എടുക്കുന്നതിൽ പാക്കിസ്ഥാന് വീഴ്ച പറ്റിയെന്നാണ് എഫ്എടിഎഫ് ആരോപിക്കുന്നത്. ഹാഫിസ് സയ്യിദ്, സൂദ് അസർ പോലുള്ള ഭീകരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ തന്നെയാണ് കഴിയുന്നത്.

