റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ന: കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായ ആര്‍.സി.പി. സിങ് പാര്‍ലമെന്റിനു പുറത്തേക്ക്. സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ ബി.ജെ.പിയോടുള്ള പ്രതിഷേധമാണു പാര്‍ട്ടിയധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടാലും ബി.ജെ.പിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാനില്ലെന്നാണു സന്ദേശം. കേന്ദ്രമന്ത്രിസഭയില്‍ രണ്ടു സ്ഥാനം ആവശ്യപ്പെട്ടിട്ട് ഒന്നു മാത്രം കിട്ടിയതില്‍ നിതീഷ് അതൃപ്തനായിരുന്നു. നേതൃനിരയില്‍ നിതീഷിന് മാത്രം പിന്നിലായ ആര്‍.സി.പി. സിങ്ങിനെയാണു മന്ത്രിയാക്കിയത്. എന്നാല്‍ മന്ത്രിയായതോടെ അദ്ദേഹം ബി.ജെ.പിയോടു വിധേയത്വം കാട്ടിയതു നിതീഷിനെ കുപിതനാക്കി.രാജ്യസഭാംഗത്വം ജൂലൈയില്‍ അവസാനിക്കുന്നതോടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യത്തിന്, അക്കാര്യം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടിരിക്കുകയാണെന്നായിരുന്നു സിങ്ങിന്റെ മറുപടി. രാജ്യസഭാ സീറ്റ് നിഷേധിച്ച നിതീഷിന്റെ തീരുമാനത്തോടു നന്ദിയുണ്ടെന്നും സിങ് പരിഹാസരൂപേണ പറഞ്ഞു.ജാതി സെന്‍സസ് നടത്തണമെന്ന ജെ.ഡി.യു. നിലപാടിനോടു സിങ് വിയോജിച്ചിരുന്നു. യു.പി. തെരെഞ്ഞടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണയുണ്ടാക്കാതിരുന്നതോടെ ഇടഞ്ഞ സിങ് പ്രചാരണത്തില്‍നിന്നു വിട്ടുനിന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതുമില്ല. നിതീഷ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതിരുന്ന സിങ്, അതേസമയത്തുതന്നെ സ്വന്തം നാടായ മുസ്തഫാപുരില്‍ മറ്റൊരു വിരുന്ന് നടത്തിയും നിതീഷിനെ എതിരിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *