ചണ്ഡിഗഡ്/ ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലെയ കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ ഉത്തരാഖണ്ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.മൂസെവാലയുടെ സുരക്ഷ പിന്‍വലിച്ചതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പ് പഞ്ചാബ് പോലീസ് സുരക്ഷ പിന്‍വലിച്ച 424 പേരില്‍ ഒരാളാണ് മൂസെവാല.പോലീസ് പിടികൂടിയവരില്‍ ഒരാള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലെ അംഗമാണ്.ഹേംകുന്ദ് സാഹിബ്” തീര്‍ഥാടകര്‍ക്കിടയില്‍ ഒളിച്ച ഇയാളെ പഞ്ചാബ്-ഉത്തരാഖണ്ഡ് പോലീസ് സംയുക്തമായാണ് പിടികൂടിയത്. അറസ്റ്റിലായവരെ പഞ്ചാബിലേക്കു കൊണ്ടുപോയി.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ് മേധാവി വി.കെ. ഭവ്റ പറഞ്ഞു.യുവ അകാലി നേതാവ് വിക്കി മിധുഖേര കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണിതെന്നും കരുതുന്നു. മിധുഖേര വധക്കേസില്‍ മൂസെവാലയുടെ മാനേജര്‍ ഷാഗുന്‍പ്രീത് പ്രതിയാണ്. ഇയാള്‍ പിന്നീട് ഓസ്ട്രേലിയയിലേക്കു കടന്നിരുന്നു.
ജന്മനാടായ മന്‍സയില്‍ തന്റെ എസ്.യു.വി. ഓടിച്ചുപോകവേ ഞായറാഴ്ച വൈകിട്ടാണ് മൂസെവാലെ കൊല്ലപ്പെട്ടത്. മൂസെവാലയ്ക്കുനേരേ പത്തോളംപേര്‍ വരുന്ന സംഘം 30 തവണ നിറയൊഴിച്ചെന്നും വെടിവയ്പ്പിനുശേഷം മരിച്ചോയെന്ന് സ്ഥിരീകരിക്കാനായി അക്രമികള്‍ പരിശോധന നടത്തിയെന്നും പോലീസ് പറഞ്ഞു.കാനഡയിലുള്ള ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാറും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ഥിയും ഗുണ്ടാനേതാവുമായ ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത അനുയായിയാണ് ഗോള്‍ഡി ബ്രാര്‍(സതീന്ദര്‍ സിങ്). ലോറന്‍സ് ബിഷ്ണോയിയെയും രണ്ടു സഹായികളെയും പോലീസ് ജയിലില്‍വച്ച് ചോദ്യംചെയ്തു. ഇവരുടെ സെല്ലുകളില്‍ പോലീസ് പരിശോധന നടത്തി. ജയിലിലുള്ളവരുമായി ബ്രാര്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളില്‍ ഒരാളായ ബിഷ്ണോയിക്കെതിരേ ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ട്. മൂസെവാല ഓടിച്ചിരുന്ന മഹീന്ദ്ര ഥാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. വാഹനത്തിന്റെ മുമ്പിലും ഇരുവശങ്ങളിലും വെടിയറ്റിട്ടുണ്ട്. ഒരു എ.എന്‍. 94 റഷ്യന്‍ റൈഫിളും ആക്രമണത്തിന് ഉപയോഗിച്ചായി സ്ഥത്തുനിന്നു ലഭിച്ച ബുള്ളറ്റുകള്‍ വ്യക്തമാക്കുന്നു. കാറില്‍നിന്ന് ഒരു പിസ്റ്റളും ലഭിച്ചിട്ടുണ്ട്. മൂസെവാലയുടെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ കേസ് എന്‍.ഐ.എ./സി.ബി.ഐ. അന്വേഷണത്തിനു വിടണമെന്നും മൂസെവാലയുടെ പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസില്‍ചേര്‍ന്ന മൂസെവാല മന്‍സ് മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.



