റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനങ്ങളിൽ അഭ്യാസപ്രകടനം: മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു

March 25, 2022 - 8:21 am

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്കൂളിലും, മുക്കം കള്ളൻതോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒൻപത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ 2022 മാർച്ച് 24 ന് വൈകീട്ട് നടന്ന ആഘോഷ പരിപാടികളിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളിൽ അഭ്യാസപ്രകടനം നടന്നത്. കോളജ് ഗ്രൗണ്ടിൽ കാറുകളും ബൈക്കുകളും അമിതവേഗതയിൽ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടായി. ബൈക്കിൽ നിന്ന് തെറിച്ചു വീണെങ്കിലും വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളൻതോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.

വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടിടത്തും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ജെസിബിയടക്കം ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജെസിബിയുടെ ഡ്രൈവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കും. വാഹനങ്ങൾ ഓടിച്ച പല വിദ്യാർത്ഥികൾക്കും ലൈസൻസ് ഉണ്ടെങ്കിലും ക്യാംപസിനകത്ത് അപകടകരമാം വിധം വാഹനമോടിച്ചത് നിയമവിരുദ്ധമാണ്.

ഈ വിദ്യാർത്ഥികളുടെ ലൈസൻസ് ആറ്മാസം വരെ സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുമെന്നും കോഴിക്കോട് ആർടിഒ പറഞ്ഞു. ജില്ലയിലെ കൂടുതൽ സ്കൂളുകളിൽ സമാനമായ ആഘോഷങ്ങൾ നടന്നിട്ടുണ്ട്, പരിശോധനകൾ തുടരുകയാണെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *