റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണും- മന്ത്രി സജി ചെറിയാന്‍

March 22, 2022 - 2:39 pm

ആലപ്പുഴ: തീരദേശവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പൂര്‍ണ്ണമായും പരിഹാരം കാണുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാഫ് തീരമൈത്രി സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ ക്ഷോഭം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി തീരമേഖലയില്‍ 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്ന 20,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കു വീതം മറ്റ് മേഖലകളില്‍ തൊഴില്‍ ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കികൊടുക്കും. 

സാഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.  ഈ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ കേന്ദ്രീകൃത കണ്‍സോര്‍ഷ്യം വഴി വിപണിയിലെത്തിക്കും. നിലവില്‍ ഒന്‍പത് ജില്ലകളിലാണ് തീരമൈത്രി തൊഴില്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പദ്ധതി പ്രവര്‍ത്തനം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
    
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 750 മത്സ്യത്തൊഴിലാളി വനിതകളെ ഉള്‍പ്പെടുത്തിയുള്ള 150 ചെറുകിട സംരംഭങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. വിവിധ ജില്ലകളിലെ ചെറുകിട സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഇതോടൊപ്പം മന്ത്രി നിര്‍വ്വഹിച്ചു.
 
എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എസ് കവിത, കേരളാ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.എസ്. രാജന്‍, സാഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *