ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ വിവാദ പരാമർശത്തിലുറച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. താൻ പറഞ്ഞതിൽ തെറ്റില്ല, ധീരജിന്റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. അതിനാണ് സുധാകരന് മറുപടി നൽകിയത്.
താൻ പറഞ്ഞതിൽ പ്രകോപനപരമായി ഒന്നുമില്ലെന്നും സി.വി വർഗീസ് പറഞ്ഞു. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു സി.വി വർഗീസിന്റെ പരാമര്‍ശം. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഭീഷണി പ്രസംഗം.
അതേസമയം, സി.വി വർഗീസിനെ ന്യായീകരിച്ച് എം.എം മണിയും രംഗത്തെത്തി. സുധാകരന്റെ പ്രകോപനത്തോട് പ്രതികരിക്കുക മാത്രമാണ് വർഗീസ് ചെയ്തതെന്നാണ് എം.എം മണി വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി അക്രമരാഷ്ട്രീയത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ നടത്തിവരുന്നുണ്ട്. കരിമണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തെ അതിരൂക്ഷമായ ഭാഷയിലാണ് സുധാകരന്‍ വിമര്‍ശിച്ചത്. ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുന്ന സമീപനവും ചെറുതോണിയില്‍ നടന്ന പരിപാടിയില്‍ സുധാകരന്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സി.വി വർഗീസിന്റെ വിവാദ പരാമര്‍ശം.

