ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി സൂചികയായ എന്‍.എസ്.ഇയുടെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചിത്ര രാമകൃഷ്ണയെ മൂന്നു വര്‍ഷത്തേക്കു മൂലധന വിപണികളില്‍നിന്നു വിലക്കി. കൂടാതെ 1.54 കോടിയുടെ അധിക ലീവ് എന്‍കാഷ്മെന്റും 2.83 കോടിയുടെ മാറ്റിവച്ച ബോണസും തിരിച്ചെടുക്കാന്‍ എന്‍.എസ്.ഇയോടു സെബി നിര്‍ദ്ദേശിച്ചു. ചിത്രയ്ക്കും എന്‍.എസ്.ഇയ്ക്കും മറ്റു നാലു പേര്‍ക്കും എതിരേ സെബി അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് നടപടി. ചിത്ര എന്‍.എസ്.ഇയുടെ െദെനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ഹിമാലന്‍ യോഗിയുടെ നിര്‍ദേശപ്രകാരമെന്നും 2013 ല്‍ എക്സ്ചേഞ്ചിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ) ആയി അധികമൊന്നും അറിയപ്പെടാത്ത ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതു യോഗിയുടെ പ്രേരണമൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 11 നു പുറത്തിറങ്ങിയ അന്വേഷണ റിപ്പോര്‍ട്ട് സെബിയുടെ സൈറ്റിലുണ്ട്. ശിരോന്മണി എന്ന് അഭിസംബോധന ചെയ്യുന്ന യോഗിയുമായി എന്‍.എസ്.ഇയുടെ പഞ്ചവത്സര പ്രവചനങ്ങള്‍, സാമ്പത്തിക ഡേറ്റ, ലാഭവിഹിത അനുപാതം, ബിസിനസ് പ്ലാനുകള്‍, ബോര്‍ഡ് മീറ്റിങ്ങിന്റെ അജന്‍ഡ തുടങ്ങിയ വിവരങ്ങളടക്കം ചിത്ര പങ്കുവച്ചിരുന്നു. ജീവനക്കാരുടെ പ്രകടന വിലയിരുത്തലുകളിലും യോഗിയുടെ അഭിപ്രായങ്ങള്‍ അന്തിമമായിരുന്നുവെന്നു പറയപ്പെടുന്നു. നേരില്‍ കണ്ടിട്ടില്ലാത്ത യോഗിയുമായി 20 വര്‍ഷത്തോളം ചിത്ര ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയെന്നും എന്‍.എസ്.ഇയില്‍ ആനന്ദ് സുബ്രഹ്മണ്യനെ രണ്ടാമനായി നിയമിക്കാന്‍ അദ്ദേഹം വഴികാട്ടിയെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഊഹക്കച്ചവടം ഉള്‍പ്പെടെയുള്ള അഴിമതികള്‍, ആനന്ദ് സുബ്രഹ്മണ്യന്റെ നിയമനത്തിലെ വഴിവിട്ട ഇടപെടലുകള്‍ എന്നിവമൂലം 2016 ല്‍ ചിത്രയെ എന്‍.എസ്.ഇയില്‍നിന്നു പുറത്താക്കിയിരുന്നു. എന്‍.എസ്.ഇയില്‍ ചിത്ര നടത്തിയത് ഏകാധിപത്യമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വന്‍കിട സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും ഉള്‍പ്പെടുന്ന സീനിയര്‍ മാനേജ്മെന്റ്, ബോര്‍ഡംഗങ്ങള്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരൊന്നും ചിത്രയുടെ നടപടികളെ എതിര്‍ത്തിരുന്നില്ല. എന്‍.എസ്.ഇ. വിടുമ്പോള്‍ കുടിശികയും ശമ്പളവുമടക്കം 44 കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.



