ദുബായ്∙ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സിൽവർലൈൻ വേഗപാതയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി . കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ.ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുളളതായും മുഖ്യമന്ത്രി പറഞ്ഞു.
ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിർക്കുന്നത്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ വിഷമമുണ്ടാകുമെന്നത് വസ്തുതയാണ്. ആ പ്രയാസം സർക്കാർ അംഗീകരിക്കുന്നു. അതിനുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

