തിരുവനന്തപുരം: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ സർക്കാർ വാക്കു പാലിച്ചില്ലെന്ന വിമർശനവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന വാക്കുപാലിച്ചില്ലെന്നാണ് വിമർശനം. .
കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി ദിൽഷാദ് രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് ആലുവ സി.ഐ . സി എൽ സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.
നിയമവിദ്യാർത്ഥി ആയ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികൾ. മോഫിയ ഭർത്താവ് സുഹൈലിൻറെ വീട്ടിൽ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു
സുഹൈലിന്റെ ജാമ്യാപേക്ഷ 2022 ജനുവരി 21ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സുഹൈലും മാതാപിതാക്കളും ചേർന്ന് മോഫിയയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക വൈകൃതങ്ങൾക്കടക്കം സുഹൈൽ ഭാര്യയെ ഇരയാക്കി. മോഫിയയുടെ തലകൊണ്ട് മതിലിലിടിച്ചടക്കം അമ്മ റുഖിയ നിരന്തരം മർദ്ദിച്ചു. പിതാവ് യൂസഫ് മർദ്ദനങ്ങൾ കണ്ടിട്ടും മൗനം പാലിച്ചു. മോഫിയയുടെ മാതാപിതാക്കളടക്കം ഇടപെട്ടിട്ടും മർദ്ദനം തുടർന്നു. ഇതെല്ലാം മിടുക്കിയായ നിയമവിദ്യാർത്ഥിനിയുടെ മാനസികാവസ്ഥക്ക് മാറ്റമുണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണകുറ്റം, കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം സുഹൈലിന്റെ പീഡനത്തെകുറിച്ചുള്ള മോഫിയയുടെ പരാതിയിൽ പൊലീസിനുണ്ടായ വീഴ്ച യെകുറിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. ആലുവ എസ്എച്ച്ഒ അടക്കം ആദ്യപരാതിയിലെടുത്ത അലംഭാവമാണ് അത്മഹത്യക്കിടയാക്കിയതെന്ന് മാതാപിതാക്കൾ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിൽ മാതാപിതാക്കളുടെ മോഴി മിനിഞ്ഞാന്നെടുത്തു. ഈ അന്വേഷണവും ഉടൻ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ നവംബർ 23നാണ് മോഫിയ വീട്ടിനുള്ളിൽ ജീവനൊടുക്കുന്നത് . രണ്ടു ദിവസത്തിനുള്ളിൽ ഭർത്താവ് സുഹൈലിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ജാമ്യത്തിലാണ്

