ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം.മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെ 4-3 നു തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യ പാകിസ്താനെതിരേ തോല്‍പ്പിക്കുന്നത്. റൗണ്ട് റോബിനില്‍ ഇന്ത്യ 3-1 നു പാക് പടയെ തകര്‍ത്തിരുന്നു. പ്രതീക്ഷിച്ച പോലെ ലൂസേഴ്സ് ഫൈനലില്‍ തീപ്പൊരി പാറി. മൂന്നു പാദങ്ങളിലും ഗോളുകള്‍ വീണ മത്സരത്തില്‍ അവസാന നിമിഷം വരെ ആരു വിജയിക്കുമെന്ന് ഉറപ്പിക്കുക അസാധ്യമായിരുന്നു. ഇന്ത്യ 1-2 നു പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്ന് 4-2 ന് മുന്നില്‍ കയറി. പാകിസ്താന്‍ പിന്നീട് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇന്ത്യ ലീഡ് നിലനിര്‍ത്തി വെങ്കലം കൈക്കലാക്കി.ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ഷൈബ്ജിത് സിങ്, വരുണ്‍ കുമാര്‍, ആകാഷ് ദീപ് സിങ് എന്നിവര്‍ ഇന്ത്യക്കു വേണ്ടി ഗോളടിച്ചു. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ കൂടുതല്‍ ആവേശകരമായി. ഈ ക്വാര്‍ട്ടറില്‍ മൂന്നു ഗോളുകള്‍ വീണു. രണ്ടെണ്ണം ഇന്ത്യയുടെയും ഒന്ന് പാകിസ്താന്റെയും വകയായി. ഇന്ത്യ ആദ്യ മിനിറ്റില്‍ തന്നെ പെനല്‍റ്റി കോര്‍ണര്‍ സമ്പാദിച്ചു. ഹര്‍മന്‍പ്രീത് ഇതു ഗോളാക്കിയതോടെ ഇന്ത്യ മുന്നിലെത്തി.ഒന്നാം ക്വാര്‍ട്ടറില്‍ തന്നെ പാകിസ്താന്‍ ഗോള്‍ മടക്കി. പാകിസ്താന്‍ ഗോള്‍ കീപ്പര്‍ അംജദ് അലി ഇരട്ട സേവുകള്‍ നടത്തിയത് ഇന്ത്യയുടെ ലീഡിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുരാജ് കര്‍കേറയും മികച്ച സേവുകള്‍ നടത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഞെട്ടിച്ച് അബ്ദുള്‍ റാണയിലൂടെ പാകിസ്താന്‍ ലീഡ് നേടി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ഇന്ത്യ തിരിച്ചടിച്ചു. സ്‌കോര്‍ 2-2 ആയതോടെ നാലാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും ജീവന്മരണ പോരാട്ടം നടത്തി. പെനാല്‍റ്റി കോര്‍ണറിലൂടെ വരുണ്‍ കുമാര്‍ ഇന്ത്യയെ 3-2 ന് മുന്നിലെത്തിച്ചു. കളി തീരാന്‍ നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ആകാഷ്ദീപിന്റെ ഗോള്‍ ഇന്ത്യയുടെ ജയം ഏറെക്കുറെ ഉറപ്പാക്കി. തൊട്ടടുത്ത മിനിറ്റില്‍ നദീമിലൂടെ പാകിസ്താന്‍ മൂന്നാം ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കി.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം
