പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ദതിയുടെ രണ്ടാഘട്ടം ഏകദിന ശില്‍പ്പശാല നവംബര്‍ 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 62 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും റിസോഴ്‌സ് പേഴ്‌സണ്‍മാരും പങ്കെടുക്കും. ‘ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് ജനകീയ പരിപാലന സമിതികള്‍’ രേഖ ശില്‍പ്പശാലയില്‍ അവതരിപ്പിക്കും. ഭാരതപ്പുഴയുടെ ഭാഗമായ 62 നീര്‍ച്ചാലുകളെയും അതുള്‍ക്കൊള്ളുന്ന 62 നീര്‍ത്തടങ്ങളെയും അടിസ്ഥാനമാക്കി പുഴ പരിപാലന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയാണ് ശില്‍പശാല ചര്‍ച്ച ചെയ്യുന്നത്. ഓരോ നീര്‍ത്തടങ്ങളിലും തദ്ദേശഭരണ സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഭൂദൃശ്യയാത്ര’ സംഘടിപ്പിക്കും. ഓരോ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുമുള്ള ചെറു നീര്‍ത്തടങ്ങളില്‍ നടത്തിയ ഇടപെടലുകളും അതുവഴി രൂപപ്പെട്ടിരിക്കുന്നു പുത്തന്‍ ഭൂദൃശ്യങ്ങളും അതാതിടങ്ങളിലെ ഭൂമിശാസ്ത്ര-പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക തലങ്ങളില്‍ വിശകലനം ചെയ്യാനും പുഴ വീണ്ടെടുപ്പിനുള്ള പദ്ധതികള്‍ തയ്യാറാക്കാനും സഹായിക്കും. ഖര മാലിന്യ സംസ്‌കരണ രംഗത്ത് നല്ല മുന്നേറ്റം ഇതിനകം കാഴ്ചവച്ചിട്ടുള്ള പാലക്കാട് ജില്ലയില്‍ ദ്രവമാലിന്യ സംസ്‌കരണത്തിന്റെ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ശില്‍പശാല ചര്‍ച്ച ചെയ്യും.



