കൊച്ചി: എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുഴം കുന്നുംപുറത്ത് വീട്ടിൽ ശാന്ത(55)ആണ് മരിച്ചത്. ഭർത്താവ് ബാബുവിനെ അറസ്റ്റുചെയ്തു. 2021 ഒക്വെടോബർ 10 വെളളിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. ശാന്തയെ ഭർത്താവ് ബാബു വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അർദ്ധ രാത്രിയോടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനൊടുവിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വാക്കത്തികൊണ്ട് ബാബു ശാന്തയെ വെട്ടി. മൂന്നു തവണ വെട്ടിയെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീട്ടിൽവെച്ചുതന്നെ ശാന്ത മരിച്ചു. തൊട്ടുപിന്നാലെ ബാബു അടുത്തവീട്ടിലെത്തി പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അവിടെനിന്ന് തന്നെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസിനെ അറിയിച്ചു. അപ്പോഴാണ് അയൽവാസികൾ പോലും സംഭവമറിയുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് സംഘം ബാബുവിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇൻക്വസ്റ്റിനുശേഷം മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കളമശേരിയിലേക്ക് കൊണ്ടുപോയി.

