ലഖ്നോ: ഉത്തര്‍പ്രദേശില്‍ കര്‍ഷകപ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നും ഒന്നിനുമിടയില്‍ രാജ്യത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെ പഞ്ചാബില്‍നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ യുപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ലാഖിംപൂര്‍ ഖേരിയിലെ ബന്‍വീറിലായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അജയ് മിശ്ര എന്നിവരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

