സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഏജൻസികളിൽ തോക്ക് കൈവശം വച്ചിരിക്കുന്നവരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തതിന്റെ പാശ്ചാത്തലത്തിലാണ് തീരുമാനം.

തലസ്ഥാനത്ത് വ്യാജ ലൈസൻസുള്ള തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണത്തിനായി പോലീസ് കാശ്മീരിലേക്ക് പോകും. . തോക്ക് കൈവശം വച്ചിരുന്ന കാശ്മീരി സ്വദേശികളുമായി കേരളാ പൊലീസ് തെളിവെടുപ്പ് നടത്തും. 2021 ഓഗസ്റ്റ് മാസം 13-നാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായി ആയിരുന്നു ആറ് മാസത്തിലേറെയായി ഇവർ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തു.

വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആർഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരിൽ നിന്നുള്ള അഞ്ചുപേർ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചത്. തീവ്രവാദ പശ്ചാത്തലം ഇവർക്ക് ഉണ്ടോയെന്ന് അറിയാനാണ് കാശ്മീരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഇവർക്ക് തോക്കുകൾ നൽകിയവരെക്കുറിച്ച് അന്വേഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കാശ്മീർ പൊലീസിന്റെ സഹായവും കേരളാ പൊലീസ് തേടി. ഈ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എടിഎം കൗണ്ടറിലുൾപ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. വ്യാജ ലൈസൻസ് കൈവശം വച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →