ലോക് ഡൗണ്‍: 45,000ഓളം ബസ് തൊഴിലാളികള്‍ ദുരിതത്തില്‍ ; സര്‍ക്കാര്‍ കനിഞ്ഞേ പറ്റൂ

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ സര്‍വീസ് നിര്‍ത്തവച്ച ബസുകളിലെ 45,000ഓളം തൊഴിലാളികള്‍ ദുരിതത്തിലായി. പൊതുഗതാഗതത്തിന് തുറന്നുകൊടുത്താലും പല ബസുകളും സര്‍വീസ് നടത്താന്‍ പറ്റിയ അവസ്ഥയിലല്ല. ലോക്ഡൗണില്‍ നിറുത്തിയിടേണ്ടിവന്ന ബസുകള്‍ ഇനി സര്‍വീസ് നടത്തണമെങ്കില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരുമെന്ന് ബസ് ഉടമകള്‍ പറയുന്നു. ബസ് ഒന്നിന് രണ്ടുലക്ഷത്തോളം രൂപ വേണ്ടിവരും. പലതിന്റെയും ബോഡി പൊളിഞ്ഞുതുടങ്ങി. പലതിനും എന്‍ജിന്‍പണിതന്നെ വേണ്ടിവരും. ടയറുകളും മാറ്റേണ്ടതായിവരും. സര്‍വീസ് തന്നെ നിര്‍ത്തേണ്ട സാഹചര്യമാണ്.

സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയാല്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാവും. സംസ്ഥാനത്തൊട്ടാകെ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകള്‍ 15,000ഓളമാണ്. ഇതിലെ തൊഴിലാളികളുടെ കാര്യം ദുരിതത്തിലായിരിക്കുകയാണ്. ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം തൊഴിലാളികളും ക്ഷേമനിധിയിലില്ല. ഇതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യം മിക്കവര്‍ക്കും ലഭിക്കാത്ത സ്ഥിതിയുണ്ട്. വര്‍ഷങ്ങളായി ഈ രംഗത്തുതന്നെ തുടരുന്നവരാണ് ജീവനക്കാരില്‍ ഏറെയും. മറ്റ് തൊഴിലുകള്‍ അറിയുന്നവര്‍ തുലോം കുറവാണ്. സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ഡീസല്‍ സബ്‌സിഡിക്കൊപ്പം ജീവനക്കാരുടെ ശമ്പളവും സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഡീസല്‍വില കുറച്ചുനല്‍കുകയും നികുതികളില്‍ ഇളവുകള്‍ വരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പാക്കേജില്‍ കേരളത്തിനുള്ള വിഹിതം അറിഞ്ഞിട്ടാവാം ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനമെടുക്കല്‍ എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് 70 ശതമാനവും സ്വകാര്യ ബസുകളാണ്. സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അനുമതി നല്‍കണമെന്നു കാട്ടി 12,683 ബസ് ഉടമകള്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →