തിരുവനന്തപുരം : കോവിഡ് മഹാമാരിമൂലം രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായമനുവദിച്ച് സര്‍ക്കാര്‍. അതിനായി സര്‍ക്കാര്‍ 3,19,99,000 രൂപ യാണ് അനുവദിച്ചിട്ടുളളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ,കുട്ടിക്ക് 18 വയസാകുന്നതുവരെ മാസം 2000 രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ കുട്ടികളുടെ ബിരുദതലം വരെയുളള പഠന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണ് ഉളളത്. ധനസഹായം അനുവദിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട് .കോവിഡ്‌മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവായി മാറി്‌ക്കഴിഞ്ഞ് മൂന്നുമാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുമ്പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുളള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്‌ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ്‌മൂലം മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റുമാനദണ്ഡങ്ങളോ പരിഗണിക്കാതെസഹായം നല്‍കും.
ഇതിലേക്കായി വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും ഡയറക്ടര്‍ കണ്‍വീനറായും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ,അഡീഷണല്‍ ഡയറക്ടറില്‍ കുറയാത്ത പ്രതിനിധി എന്നിവര്‍ അംഗങ്ങളായുളള ഒരു സ്‌കീം മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുകയും ചെയ്‌തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുഖാന്തിരം റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളില്‍ ഏതെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്‌തുത കമ്മറ്റി അന്തിമ തീരുമാനം എടുക്കുന്നതാണ്.




