കോവിഡ്‌ പരിശോധനാഫലം ക്രോഡീകരിച്ചതില്‍ പിഴവ്‌

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലില്‍ രോഗമില്ലാത്ത ആളെ കോവിഡ്‌ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി പരാതി. ഉളളന്നൂര്‍ സ്വദേശി രാജുവിനെയാണ്‌ കോവിഡ്‌ പോസിറ്റീവായെന്ന പേരില്‍ രണ്ടുദിവസം ചികിത്സിച്ചത്‌. ആര്‍ടിപിസിആര്‍ പരിശോധനാഫലം ക്രോഡീകരിച്ചതിലുണ്ടായ സാങ്കേതിക പിഴവാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വട്ടമുകുടി മേഖലയില്‍ ആരോഗ്യ വകുപ്പ്‌ നടത്തിയ കൂട്ട പരിശോധനയിലാണ്‌ രാജുവിന്റെ സ്രവം ശേഖരിച്ചത്‌.

2021 ജൂലൈ 15-ാം തീയതിയായിരുന്നു പരിശോധന. 16ന്‌ വൈകിട്ട് ഫലം വന്നു. ഇതില്‍ രാജു കോവിഡ്‌ പോസിറ്റീവാണെന്ന്‌ ആരോഗ്യ വകുപ്പ് അറിയിച്ചു. വീട്ടില്‍ ഒറ്റക്കുകഴിയുന്ന രാജു ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറാനുളള ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ രാത്രിതന്നെ ഇലവും തിട്ടയിലെ കോവിഡ്‌ കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം വീണ്ടും ആശാവര്‍ക്കര്‍ വിളിച്ച്‌ കോവിഡ്‌ പോസിറ്റീവല്ലെന്നും പിഴവ്‌ സംഭവിച്ചുപോയതാണെന്നും അറിയിച്ചു. രണ്ടുദിവസം കോവിഡ്‌ രോഗികള്‍ക്കൊപ്പം കഴിഞ്ഞതിനാല്‍ ക്വോറന്റൈനില്‍ കഴിയുകയാണിപ്പോള്‍. നിരീക്ഷണത്തില്‍ കഴിയുന്ന രാജുവിന്‌ ഏഴുദിവസത്തിന്‌ ശേഷം വീണ്ടും പരിശോധന നടത്തും.

സമാനമായ മറ്റൊരു സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്‌. 15ന്‌ പരിശോധന നടത്തിയ മെഴുവേലി സ്വദേശി വികെ തമ്പിയുടെ പരിശോധനാഫലവും ആദ്യം പോസിറ്റീവെന്നും പിന്നീട്‌ നെഗറ്റീവെന്നും അറിയിച്ചു.ഒന്നിലധികം പരാതികള്‍ ഉയര്‍ന്നതോടെപ്രതിഷേധം ശക്തമാവുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →