ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്റെ അഭിമാനമാണ്. കുഞ്ഞുരാജ്യത്തിന്റെ പ്രശസ്തി ലോകത്തോളം എത്തിച്ചവനാണ് അവൻ. വന്നവഴികൾ മറക്കാത്ത മാനെയെ അവർ അത്രയും സ്നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്റെ പ്രിയപുത്രനാകുകയാണ് മാനെ.
സെനഗാൾ പ്രസിഡന്റ് മാക്കി സാലുമായി ഈ മാസമാദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് മാനേ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം നാടായ ബംബാലിയിലാണ് ആധുനിക ചികിത്സ സൗകര്യങ്ങളുമായി ആശുപത്രി പണിയുന്നത്. നേരത്തേ സെനഗാളിൽ സ്കൂളുകൾ, സ്റ്റേഡിയം, ആശുപത്രി, പള്ളികൾ എന്നിവ നിർമിച്ചുനൽകിയിട്ടുണ്ട് മാനെ.തുണി, ചെരിപ്പ്, ഭക്ഷണം എന്നിങ്ങനെ അവശ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് മാനെ.
ഒരു ഗ്രാമത്തെ മുഴുവന്‍ സ്ഥിരവരുമാനം കൊടുത്ത് ദത്തെടുത്തു. സെനഗാളിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 85 ഡോളർ (6000 രൂപ) വീതം മാനെയുടെ ചാരിറ്റി ഫണ്ടിൽനിന്നെത്തും.കുടുംബത്തിെൻറ പട്ടിണി മാറ്റാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അത് ധാരാളം. ചിലപ്പോൾ നാട്ടിലെ കുട്ടികളെ തേടി ലിവർപൂളിെൻറ ജഴ്സിയും ബൂട്ടും പന്തുമെല്ലാം എത്തും. ഓരോ തവണ കളത്തിലിറങ്ങുേമ്പാഴും തനിക്കില്ലാതെ പോയതൊന്നും പിന്മുറക്കാർക്ക് നിഷേധിക്കപ്പെടരുതെന്നാണ് അദ്ദേഹത്തിെൻറ ചിന്ത. സാദിയോ മാനെ അവർക്ക് വെറുമൊരു കാൽപന്തുകളിക്കാരനല്ല, മറിച്ച് അയാള്‍ ഒരു ഹീറോയാണ്.

