1974 ല്‍ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിക്കായി കുടിയിറക്കപ്പെട്ട ആദിവസികള്‍ തലചായ്‌ക്കാനിടത്തിനായി 47 വര്‍ഷം നടത്തിയ പോരാട്ടം ഫലംകാണുന്നു. മൂന്നാര്‍ ഡിവിഷനിലെ നേര്യമംഗലം റേഞ്ചില്‍ പാംബ്ല പ്രദേശത്ത് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തിരുന്നു. 44 കുടുംബങ്ങളാണ് പെരുവഴിയിലായത്. ഈ നീതിനിഷേധത്തെ അന്ന് ആരും ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 1987 ല്‍ ഗിരിവര്‍ഗ സേവാസമിതി പ്രസിഡന്റ് ഒ.ആര്‍ ചന്ദ്രന്‍ ഇവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തിനുശേഷം 1992ല്‍ അര്‍ഹരായവര്‍ക്ക് ഒരുഹെക്ടര്‍ ഭൂമിവീതം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി എന്നാല്‍ 1980ലെ വനംഭൂമി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വനഭൂമിക്ക് പട്ടയം നല്‍കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന് കാണിച്ച് ഭൂമി നല്‍കുന്നതിനെ വനംവകുപ്പ് എതിര്‍ത്തു. ഇവര്‍ക്കായി നേരിയ മംഗലം റേഞ്ചിലെ വേലിയത്തപരമ്പുവില്‍ 32 ഹെക്ടര്‍ സ്ഥലം കണ്ടെത്തുകയും ചെയ്‌തിരുന്നു. അപ്പോഴേക്കും കുടിയിറക്കപ്പെട്ടവരില്‍ മിക്കവരും എവിടേക്കോ പാലായനം ചെയ്‌തിരുന്നു. അവരെ കണ്ടെത്താനാവാത്ത അവസ്ഥയുണ്ടായി . അവസാനം അവരില്‍ 32 പേരെ കണ്ടെത്തുകയുണ്ടായി . ഒ.ആര്‍ ചന്ദ്രന്‍ ഭൂമിക്കായി ഡിഎഫഒയ്‌ക്ക് അപേക്ഷ നല്‍കി. എന്നാല്‍ 32 പേരില്‍ 12 പേര്‍ക്കാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചത്. അതില്‍ മൂന്നുപേരുടെ കത്ത് വിലാസം കണ്ടെത്താനാവതെ മടങ്ങി. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല.
മൂന്നുപതിറ്റാണ്ടിനുശേഷം ഇവിടെനിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അവകാശികളായ ശാന്തമ്മ ഗോപിയും മറ്റ് ആറുപേരും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു. അതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജനുവരിയിലെ വിധിന്യയത്തില്‍ അപേക്ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് അഞ്ചുമാസത്തിനുളളില്‍ നടപടി സ്വീകരിക്കണമന്ന് നിര്‍ദ്ദേശിച്ചു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. ഒടുവില്‍ ശാന്തമ്മഗോപി കോടതിയലക്ഷ്യത്തിന് കേസ് നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി ഡിസംബര്‍ 2ന് അന്തിമ വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇടുക്കി കളക്ടര്‍ ഫെബ്രുവരി 15ന് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരേക്കര്‍ വീതം ഭൂമി ഇവര്‍ക്ക് അനുവദിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെ ക്രട്ടറി ഉത്തരവായി

