കോഴിക്കോട്:കോവിഡ് മഹാമാരിയ്ക്ക് മുന്നേ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപാ കാലത്ത് സ്വജീവൻ ത്യജിച്ചും രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നേഴ്സ് ലിനി വിട പറഞ്ഞിട്ട് മൂന്നാണ്ട്. കോവിഡ് സർവവ്യാപിയായി തുടരുന്ന ഈ ദുരിതകാലത്ത് ലിനിയുടെ ഓർമകൾ ആരോഗ്യ മേഖലയ്ക്കാകെ പ്രചോദനമാവുന്നു.
2018 മെയിൽ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സായ ലിനി പുതുശ്ശേരിയുടെ ജീവൻ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പകർന്ന് 2018 മെയ് 21ന് പുലർച്ചെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. രണ്ടും അഞ്ചും വയസ്സായ പിഞ്ചോമനകളെ തനിച്ചാക്കിയുള്ള ലിനിയുടെ വേർപാട് കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. തനിക്ക് രോഗം പകർന്നിട്ടുണ്ടെന്ന് സംശയം ഉണ്ടായപ്പോൾ സഹപ്രവർത്തകരോടും വീട്ടുകാരോടും ആശുപത്രിയിൽ ചികിത്സിച്ചവരോടും ലിനി കാണിച്ച ആ കരുതൽ ഈ കോവിഡ് കാലത്ത് നാടിനുള്ള അവളുടെ ഓർമകളുടെ താക്കീതായും കാണാം.
ഭർത്താവ് സജീഷിനിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയും മക്കളുടെയും അമ്മയുടെയും പേരിൽ പണം നിക്ഷേപിച്ചും സർക്കാരും ആ കുടുംബത്തിന്റെ കൂടെ നിന്നു. ലിനിയുടെ നാട്ടിലുള്ളവരും സഹപ്രവർത്തകരും വെള്ളിയാഴ്ച അനുസ്മരണ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കും. കെജിഎൻഎ നേതൃത്വത്തിൽ മുഴുവൻ സർക്കാർ ആശുപത്രികളിലും ദീപം തെളിച്ച് അനുസ്മരണ യോഗങ്ങൾ നടത്തും. ജില്ലാതല അനുസ്മരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

