എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. 2021 ഏപ്രില്‍മാസം 24ന് രാത്രയില്‍ ഇരുമ്പനം പുതിയറോഡ് ജംങ്ഷനില്‍ വച്ചായിരുന്നു സംഭവം.
24ന് രാത്രി ഫോട്ടോഗ്രാഫറായ ജോര്‍ജ് വര്‍ഗീസും സുഹൃത്തും കാറില്‍ അങ്കമാലിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ പ്രതികളില്‍ രണ്ടുുപേര്‍ ജോര്‍ജ് വര്‍ഗീസിന്റെ വാഹനം തടഞ്ഞുനിര്‍ത്തി . ബൈക്കില്‍ കാര്‍ തട്ടിയെന്നും നഷ്ടപരിഹാരം വേണമെന്നും യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നാലെ സംഘത്തിലെ രണ്ടുപേരെകൂടി പ്രതികല്‍ വിളിച്ചുവരുത്തി.
യാത്രക്കാരന്റെ കയ്യിലുളള പണം കവര്‍ന്നതിന് പുറമേ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിപ്പിച്ച് അക്കൗണ്ടി ലുണ്ടായിരുന്ന നാലായിരം രൂപയും തട്ടിയെടുത്തു. സിസിടിവിയില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്താനായത്. സംഭവസമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ഇവര്‍ക്ക് പിന്നിലുളള മറ്റ് കവര്‍ച്ചാ സംഘങ്ങളേയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



