ന്യൂഡൽഹി / 2026 / നവംബർ 14
വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനുള്ള സമ്മതം കൈകാര്യം ചെയ്യുന്ന കൺസെന്റ് മാനേജർമാരുടെ രജിസ്ട്രേഷൻ ചട്ടക്കൂട് 2026 നവംബർ 13ന് പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം, 2023 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യോഗ്യതയുള്ള കമ്പനികൾക്ക് രജിസ്ട്രേഷനായി അപേക്ഷിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഡി പി ബി ഐ ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
സ്വന്തം വിവരങ്ങളുടെ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം
വ്യക്തികൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന സംവിധാനം പ്രവർത്തനക്ഷമമാക്കാനുള്ള പ്രധാന ചുവടുവയ്പാണ് ഈ ചട്ടക്കൂട്. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ തേടാനും സമ്മതം കൈകാര്യം ചെയ്യുന്ന സേവനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താനും ഇതിലൂടെ കഴിയും.
സമ്മതം നൽകാനും പിൻവലിക്കാനും ഒരേ സംവിധാനം
ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് കൺസെന്റ് മാനേജർ. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും സുതാര്യവും മറ്റു സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാവുന്നതുമായ ഒരു വേദിയിലൂടെ വ്യക്തികൾക്ക് സമ്മതം നൽകാനും കൈകാര്യം ചെയ്യാനും പരിശോധിക്കാനും പിൻവലിക്കാനും ഈ സ്ഥാപനങ്ങൾ സഹായിക്കും. വ്യക്തിഗത വിവരങ്ങൾ ആരെ സംബന്ധിക്കുന്നതാണോ, അവരാണ് ഡേറ്റ പ്രിൻസിപ്പൽമാർ. ഇവരോടായിരിക്കും കൺസെന്റ് മാനേജർമാർക്ക് ഉത്തരവാദിത്വം. ഡിജിറ്റൽ സംവിധാനങ്ങളിലെ വിശ്വാസവും ഉത്തരവാദിത്വവും ശക്തമാക്കുകയാണ് ലക്ഷ്യം.
കമ്പനികൾക്ക് കുറഞ്ഞത് രണ്ടു കോടി രൂപയുടെ ആസ്തിമൂല്യം വേണം
ഇന്ത്യയിൽ രൂപീകരിച്ച കമ്പനികൾക്കാണ് കൺസെന്റ് മാനേജർമാരായി രജിസ്ട്രേഷൻ തേടാനാകുക. മതിയായ സാങ്കേതിക, പ്രവർത്തന, സാമ്പത്തിക ശേഷിക്കൊപ്പം കുറഞ്ഞത് രണ്ടു കോടി രൂപയുടെ അറ്റ ആസ്തിമൂല്യവും ഉണ്ടായിരിക്കണം. സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ സേവനങ്ങൾ നൽകാനുള്ള വിഭവങ്ങളും ശേഷിയും സ്ഥാപനങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിബന്ധനകൾ. പുതിയ പോർട്ടലിലൂടെ ലഭിക്കുന്ന അപേക്ഷകൾ ബാധകമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബോർഡ് പരിശോധിക്കും. യോഗ്യത നേടുന്ന കമ്പനികൾക്ക് രജിസ്ട്രേഷൻ നൽകാം. രജിസ്റ്റർ ചെയ്ത കൺസെന്റ് മാനേജർമാരുടെ പട്ടിക ബോർഡിന്റെ വെബ്സൈറ്റിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
മറ്റു പ്രധാന വ്യവസ്ഥകൾ അടുത്ത മേയിൽ
വ്യക്തിഗത വിവരങ്ങൾ ആരെ സംബന്ധിക്കുന്നതാണോ അവരുടെ അവകാശങ്ങൾ, വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഉദ്ദേശ്യവും രീതിയും നിശ്ചയിക്കുന്ന ഡേറ്റ ഫിഡ്യൂഷറികളുടെ ബാധ്യതകൾ, ബോർഡിന്റെ അന്വേഷണവും പിഴ ചുമത്തലും സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങിയ മറ്റു പ്രധാന വ്യവസ്ഥകൾ 2027 മേയ് 13ന് പ്രാബല്യത്തിൽ വരാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം, 2023, ഇതുമായി ബന്ധപ്പെട്ട 2025ലെ ചട്ടങ്ങൾ എന്നിവയുടെ കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ എം ഇ ഐ ടി വൈ ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് സെക്രട്ടറി അറ്റ് ഡി പി ബി ഐ ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. രജിസ്ട്രേഷൻ ചട്ടക്കൂടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയിപ്പിനൊപ്പമുള്ള അനുബന്ധ രേഖയിലും നൽകിയിട്ടുണ്ട്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.